
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ സാന്ദ്ര തോമസ്. പർദ്ദ ധരിച്ചാണ് നാമനിർദേശ പത്രിക സമർപ്പിക്കാൻ സാന്ദ്ര തോമസ് എത്തിയത്. തനിക്കുണ്ടായ മുൻ അനുഭവത്തിന്റെ പേരിൽ ഇവിടെ വരാൻ ഏറ്റവും യോജിച്ച വസ്ത്രവും ഏറ്റവും നല്ല വസ്ത്രവും ഇത് തന്നെയാണെന്ന് സാന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു.
“എനിക്കുണ്ടായ മുൻ അനുഭവത്തിന്റെ പേരിൽ ഇവിടെ വരാൻ ഏറ്റവും യോജിച്ച വസ്ത്രവും ഏറ്റവും നല്ല വസ്ത്രവും ഇത് തന്നെയാണ് എന്ന് എനിക്ക് തോന്നിയതു കൊണ്ടാണ് ഈ വേഷത്തിലെത്തിയത്. പിന്നെ എന്റെ പ്രതിഷേധത്തിന്റെ ഭാഗം കൂടിയാണിത്. ഞാൻ ഗൗരവമേറിയ ആരോപണം ഉന്നയിച്ചിട്ട്, നാല് പേരെ പ്രതികളാക്കിയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
എന്നിട്ട് പോലും അവരിവിടെ ഭരണാധികാരികളായി തുടരുകയും മാത്രവുമല്ല അടുത്ത ടേമിലേക്ക് ഇവർ തന്നെ പ്രസിഡന്റും സെക്രട്ടറിയുമൊക്കെയായി മത്സരിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഈ വസ്ത്രധാരണം എന്റെ പ്രതിഷേധത്തിന്റെ ഭാഗം കൂടിയാണ്. ഇപ്പോഴത്തെ ഭാരവാഹികളിരിക്കുന്ന ഈ അസോസിയേഷനിൽ വരാൻ ഏറ്റവും ഉചിതമായ വസ്ത്രം ഇതാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഒന്നാം പ്രതി പ്രസിഡന്റായ ആന്റോ ജോസഫ് ആണ്. രണ്ടാം പ്രതി സെക്രട്ടറി ബി രാകേഷ്. ഇവിടം സ്ത്രീകൾക്ക് സുരക്ഷിതമായ ഒരിടമല്ല. സ്ത്രീ നിർമാതാക്കൾക്ക് എന്നല്ല, സ്ത്രീകൾക്ക് വരാൻ പൊതുവേ സുരക്ഷിതമായ ഇടമല്ല ഇന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ഇത് പുരുഷൻമാരുടെ കുത്തകയാക്കി വച്ചിരിക്കുകയാണ്.
പതിറ്റാണ്ടുകളായി കുറച്ചു പേരുടെ കുത്തകയാക്കി വച്ചിരിക്കുന്ന ഒരു അസോസിയേഷനായിരുന്നു ഇത്. ഇവിടെ മാറ്റങ്ങൾ വരണം. ഏത് സ്ഥലത്താണെങ്കിലും കുറച്ചു പേർ അവിടം കയ്യടി വച്ചു കഴിഞ്ഞാൽ അവിടം മുരടിക്കും. ആ ഒരു അവസ്ഥയാണ് ഇന്നുള്ളത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എല്ലാ സംഘടനകളിൽ നിന്നും താഴെയാണ് നിൽക്കുന്നത്. ഇപ്പോൾ ഇരിക്കുന്ന ഭരണാധികാരികളാണ് അതിനെ ഈ അവസ്ഥയിലെത്തിച്ചത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ മാറ്റം വരുമ്പോൾ അത് മൊത്തത്തിൽ ഇൻഡസ്ട്രിയിൽ മാറ്റം കൊണ്ടുവരും. ഒരുമാതിരിപ്പെട്ട എല്ലാവരോടും ഞാൻ സംസാരിച്ചു.
ഒരു ഭരണവിരുദ്ധ വികാരം വളരെ ശക്തമായിട്ടുണ്ടെന്നാണ് അതിൽ നിന്ന് എനിക്ക് മനസിലായത്. മാത്രവുമല്ല നമ്മൾ ഒരു പാനൽ ആയിട്ട് തന്നെയായിരിക്കും മത്സരിക്കുന്നത്. മാറ്റം വരേണ്ടത് അനിവാര്യമാണ്. നട്ടെലുള്ളവരാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ ഉള്ളവർ”.- സാന്ദ്ര തോമസ് പറഞ്ഞു.