KeralaNews

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം ; സംസ്ഥാനത്തെ ജയിൽ സുരക്ഷ വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്

സംസ്ഥാനത്തെ ജയിൽ സുരക്ഷ വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് ചേരും. 11 മണിക്ക് ഓണ്‍ലൈൻ വഴിയാണ് യോഗം. ജയിൽ മേധാവിയും ജയിൽ ഡി ഐ ജിമാരും സൂപ്രണ്ടുമാരും യോഗത്തിൽ പങ്കെടുക്കും. ജയിൽ ഉദ്യോഗസ്ഥരെ കൂടാതെ ക്രമസമാധാന ചുമതലയുള്ള ഡി ജി പി, ആഭ്യന്തര സെക്രട്ടറി എന്നിവരും യോഗത്തിൽ പങ്കെടുക്കും. ജയിൽ സുരക്ഷ, ജീവനക്കാരുടെ കുറവ്, തടവുകാരും ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ഇന്‍റലിജൻസ് നൽകിയിട്ടുള്ള വിവരങ്ങള്‍ എന്നിവയെല്ലാം ചർച്ച ചെയ്യും. തിങ്കളാഴ്ചയാണ് യോഗം വിളിച്ചിരുന്നതെങ്കിലും കണ്ണൂരിലെ ഗോവിന്ദചാമിയുടെ ജയിൽ ചാട്ടത്തിന്‍റെ പശ്ചാത്തലത്തിലാണ് യോഗം ഇന്ന് ചേരാൻ തീരുമാനിച്ചത്.

അതേസമയം ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിൽ ജയിലിൽ സംഭവിച്ചത് അടിമുടി ഗുരുതര വീഴ്ചയാണെന്ന് വ്യക്തമായിട്ടുണ്ട്. വെള്ളിയാഴ്ച രാവിലത്തെ പരിശോധനയിൽ തടവുകാരെല്ലാം അഴിക്കുള്ളിൽ ഉണ്ടെന്നാണ് ഗാർഡ് ഓഫീസർക്ക് ലഭിച്ച റിപ്പോർട്ട്. ആരോ ഒരാൾ ജയിൽ ചാടി എന്നറിഞ്ഞത് മതിലിലെ തുണി കണ്ടശേഷമാത്രമാണെന്നതാണ് ഞെട്ടിക്കുന്ന കാര്യം. വീണ്ടും പരിശോധിച്ചപ്പോഴാണ് ഗോവിന്ദച്ചാമിയാണ് ചാടിയതെന്ന് അറിഞ്ഞത്.

ഗാർഡ് ഓഫീസർക്ക് ലഭിച്ച ആദ്യ റിപ്പോർട്ട് കൃത്യമായ പരിശോധനയില്ലാതെയാണെന്നും ഇതിലൂടെ വ്യക്തമായിട്ടുണ്ട്. ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ മാത്രമല്ല, തടവിലെ താമസത്തിലടക്കം ജയിലധികൃതർക്ക് അടിമുടിവീഴ്ച സംഭവിച്ചു എന്ന് വ്യക്തമാക്കുന്ന കാര്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒരു കൊടും ക്രിമിനലിന് താടിനീട്ടിവളർത്താനടക്കം ആരാണ് അനുമതി നൽകിയതെന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്.

മാസത്തിൽ ഒരു പ്രാവശ്യം തലമുടി വെട്ടണം, ആഴ്ചയിൽ ഷേവ്ചെയ്യണം എന്നാണ്ചട്ടം. ഈ ചട്ടം നിലനിൽക്കുമ്പോഴും ഗോവിന്ദച്ചാമിയെ പോലൊരു കൊടും കുറ്റവാളി താടി നീട്ടി വളർത്തിയിട്ടും ജയിൽ ഉദ്യോഗസ്ഥർ വിലക്കാത്തത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിനും അധികൃതർ ഉത്തരം പറയേണ്ടിവരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button