‘ആരു പറഞ്ഞു മരിച്ചെന്ന് ജീവിക്കുന്നു ഞങ്ങളിലൂടെ’ ; തിരുവനന്തപുരത്തോട് വിട ചൊല്ലി വി എസ്, ജന്മ നാട്ടിലേക്ക് മടങ്ങി, വിലാപയാത്ര ആലപ്പുഴയിലേക്ക്

മുന്‍ മുഖ്യമന്ത്രിയും കേരളത്തിന്റെ സമരനായകനുമായ വി എസ് അച്യുതാനന്ദന്‍ അനന്തപുരിയിൽ നിന്ന് യാത തുടങ്ങി. ദര്‍ബാര്‍ ഹാളിലെ പൊതു ദര്‍ശനം അവസാനിപ്പിച്ച് ഉച്ചയ്ക്ക് ശേഷം 2.25 ഓടെയാണ് വിലാപയാത്രയ്ക്കായി മൃതദേഹം പ്രത്യേകം അലങ്കരിച്ച കെഎസ്ആര്‍ടിസി ബസിലേക്ക് മാറ്റിയത്. ദര്‍ബാര്‍ ഹാളില്‍ നിന്നും വിഎസിന്റെ ഭൗതികദേഹം ബസിലേക്ക് മാറ്റുമ്പോഴും, വിപ്ലവനായകനെ ഒരുനോക്കു കാണാനും അന്ത്യാഭിവാദ്യം അര്‍പ്പിക്കാനുമായി ആയിരക്കണക്കിന് ആളുകളാണ് കാത്തു നിന്നിരുന്നത്.
‘കണ്ണേ കരളേ വിയെസ്സേ… ഞങ്ങടെ ചങ്കിലെ റോസാപ്പൂവേ.. പാവങ്ങളുടെ പടത്തലവാ… ആരു പറഞ്ഞു മരിച്ചെന്ന്…. ജീവിക്കുന്നു ഞങ്ങളിലൂടെ…’ എന്നിങ്ങനെ പ്രവര്‍ത്തകരുടെയും അനുയായികളുടെയും മുദ്രാവാക്യം വിളികള്‍ ദര്‍ഹാര്‍ വളപ്പില്‍ കടലിരമ്പം പോലെ മുഴങ്ങിക്കൊണ്ടിരുന്നു. ദര്‍ബാര്‍ ഹാളില്‍ രാവിലെ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ വിലാപയാത്രയ്ക്കായി മൃതദേഹം ബസിലേക്ക് മാറ്റുന്നതുവരെ ഇരുന്നു. ദര്‍ബാര്‍ ഹാളില്‍ അഞ്ചു മണിക്കൂറോളം നീണ്ടു നിന്ന പൊതുദര്‍ശനത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, രമേശ് ചെന്നിത്തല തുടങ്ങി വിവിധ രാഷ്ട്രീയ-സാമൂഹിക-മത നേതാക്കള്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു. ദര്‍ബാര്‍ ഹാളില്‍ നിന്നും ദേശീയപാത വഴിയാണ് വി എസ് അച്യുതാനന്ദന്റെ വിലാപയാത്ര പോകുന്നത്.
തിരുവനന്തപുരത്തു നിന്നും കൊല്ലം വഴി ആലപ്പുഴയിലേക്ക് വിലാപയാത്രയായിട്ടാണ് വിഎസിന്റെ മൃതദേഹം കൊണ്ടുപോകുന്നത്. ഇന്നു രാത്രി ഒന്‍പതുമണിയോടെ ആലപ്പുഴ പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നത്. നാളെ രാവിലെ 9 മുതല്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ വി എസ് അച്യുതാനന്ദന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് രാവിലെ 10 മുതല്‍ ആലപ്പുഴ കടപ്പുറത്തെ പൊലീസ് റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനമുണ്ടാകും. ഉച്ചകഴിഞ്ഞ് മൂന്നിന് വലിയ ചുടുകാട്ടില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം.




