ചെങ്കൊടി പുതച്ച് അവസാനമായി വി എസ് എകെജി സെന്ററിൽ

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മൃതദേഹം എകെജി സെന്ററില്‍ പൊതുദര്‍ശനം തുടങ്ങി. ആശുപത്രിയില്‍ നിന്നും എകെജി സെന്ററില്‍ എത്തിച്ച പ്രിയ സഖാവിനെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനുമായി ജനസാഗരങ്ങളാണ് തലസ്ഥാനനഗരിയില്‍ ഒഴുകിയെത്തുന്നത്. കണ്ണേ, കരളേ വിഎസ്സേ… ജീവിക്കുന്നു ഞങ്ങൡലൂടെ.. ഇല്ല.. ഇല്ല… മരിക്കുന്നില്ല തുടങ്ങിയ മുദ്രാവാക്യങ്ങളോടെയാണ് നേതാക്കളും അനുയായികളും വിഎസിന് അശ്രുപൂജയര്‍പ്പിക്കുന്നത്.
എകെജി സെന്ററില്‍ പൊതുദര്‍ശത്തിന് വച്ച മൃതദേഹത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്, സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ചെങ്കൊടി പുതപ്പിച്ചു. മകന് അരുണ്‍ കുമാര്‍ മൃതദേഹത്തെ അനുഗമിച്ചിരുന്നു. രാഷ്ട്രീയ ഭേദമന്യേ നേതാക്കള്‍ എകെജി സെന്ററിലേക്ക് അന്തിമോപചാരം അര്‍പ്പിക്കാനായി എത്തിക്കൊണ്ടിരിക്കുകയാണ്.