KeralaNews

അതുല്യയുടെ മരണം; ഫോൺ രേഖകളും, മൊഴിയും ശേഖരിക്കും; അന്വേഷണത്തിന് പ്രത്യേക സംഘം

യുഎഇയിലെ ഷാർജയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യയുടെ മരണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം. തെക്കുംഭാഗം സിഐ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം കേസ് അന്വേഷിക്കും. ഫോൺ രേഖകളും, മൊഴിയും ഉടൻ ശേഖരിക്കും. അതുല്യയെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടും വിചിത്രവാദവുമായാണ് സതീഷ് ശങ്കർ രം​ഗത്തെത്തിയത്.

അതുല്യ ഗർഭഛിദ്രം നടത്തിയത് പ്രകോപിച്ചെന്നും മദ്യപിക്കുമ്പോൾ അത് ഓർമ വരുമെന്നുമാണ് പ്രതികരണം. നിരപരാധിയാണെന്ന സതീഷിന്റെ വാദം അതുല്യയുടെ പിതാവ് തള്ളിയിരുന്നു. സതീഷുമായുള്ള ബന്ധം ഉപേക്ഷിക്കാനും വീട്ടിലേക്ക് വരാനും വീട്ടുകാർ പറഞ്ഞിരുന്നു. 10 വയസ്സുള്ള മകളെ കരുതി എല്ലാം ക്ഷമിച്ചും സഹിച്ചും നിന്നെന്നും കുടുംബം. മകൻ വിളിക്കാറുപോലുമില്ലെന്ന് സതീഷിന്റെ മാതാവ് ഉഷ പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയാണ് അതുല്യയെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഷാർജ പോലീസിലും ഇന്ത്യൻ കോൺസുലേറ്റിലും പരാതി നൽകാനാണ് അതുല്യയുടെ കുടുംബത്തിന്റെ തീരുമാനം. ഷാർജയിലെ മോർച്ചറിയിലാണ് അതുല്യയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നാളെയാണ് പോസ്റ്റ്മോർട്ടം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button