
തേവലക്കര ബോയ്സ് സ്കൂള്‍ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്റെ അമ്മ സുജ നാട്ടിലെത്തി. നെടുമ്പാശ്ശേരി വിമാനത്താളത്തില്‍ ഇളയമകനും ബന്ധുക്കളും സുജയെകാത്തിരുന്നു. വൈകാരിക രംഗങ്ങള്‍ക്കായിരുന്നു വിമാനത്താവളം സാക്ഷ്യമായത്. ഇളയ മകനെ കെട്ടിപ്പെടിച്ച് പൊട്ടിക്കരഞ്ഞായിരുന്നു സുജ പുറത്തിറങ്ങിയത്. വിമാനത്താവളത്തില്‍ നിന്നും പൊലീസ് അകമ്പടിയില്‍ സുജയെ കൊല്ലത്ത് എത്തിക്കും. 8.50ന് ഇന്‍ഡിഗോ വിമാനത്തിലാണ് കുവൈത്തില്‍ നിന്നും സുജ നാട്ടിലെത്തിയത്. മിഥുന്റെ സംസ്കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് വീട്ടുവളപ്പില്‍ നടക്കും. 10 മണി മുതല്‍ സ്കൂളില്‍ പൊതുദര്‍ശനം. 12 മണിക്ക് വീട്ടിലേയ്ക്ക് കൊണ്ടു പോകും.
സ്കൂളിലെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ കയറിയപ്പോഴാണ് തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയും പടിഞ്ഞാറേ കല്ലട വലിയപാടം മനു ഭവനില്‍ മനുവിന്റെയും സുജയുടെയും മകനുമായ മിഥുന് മനു (13) ഷോക്കേറ്റ് മരിച്ചത്. പിന്നാലെ സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റിക്ക് വീഴ്ച്ചയുണ്ടായെന്ന് വൈദ്യുത വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു. തറയില്‍ നിന്നും ലൈനിലേക്ക് ആവശ്യമായ സുരക്ഷിത അകലം പാലിച്ചില്ലെന്നും സൈക്കിള്‍ ഷെഡിലേക്കും സുരക്ഷാ അകലം പാലിച്ചിട്ടില്ലെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.