നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെക്കണം: യെമന്‍ സര്‍ക്കാരിന് മാതാവ് അപേക്ഷ നല്‍കി

0

കൊച്ചി: നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യെമന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ദിയാധന ചര്‍ച്ച പുരോഗമിക്കുന്ന സാഹചര്യത്തിലാണ് അപേക്ഷ. നിമിഷപ്രിയയെ വധശിക്ഷയില്‍ നിന്ന് രക്ഷിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടുള്ള ആക്ഷന്‍ കൗണ്‍സിലിന്റെ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍ നാളെ മറുപടി നല്‍കും.

ബുധനാഴ്ച വധശിക്ഷ നടപ്പാക്കാനാണ് യെമന്‍ ഭരണകൂടത്തിന്റെ തീരുമാനം. എന്നാല്‍ കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹദിയുടെ കുടുംബവുമായി ബ്ലഡ് മണി സംബന്ധിച്ച ചര്‍ച്ച പുരോഗമിക്കുകയാണ്. അവസാന നിമിഷമെങ്കിലും കുടുംബവുമായി സമവായത്തിലെത്തിയാല്‍ നിമിഷപ്രിയയെ വധശിക്ഷയില്‍ നിന്ന് രക്ഷിക്കാനാകുമെന്നാണ് കുടുംബത്തിന്റെയും ആക്ഷന്‍ കൗണ്‍സിലിന്റെയും പ്രതീക്ഷ. ഈ സാഹചര്യത്തിലാണ് വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവയ്ക്കണം എന്നാവശ്യപ്പെട്ട് യെമനിലെ പബ്ലിക് പ്രൊസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന് പ്രേമകുമാരി അപേക്ഷ നല്‍കിയത്.

പബ്ലിക് പ്രൊസിക്യൂഷന്‍ ഡയറക്ടര്‍ ജനറലുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ എംബസി അധികൃതരും യെമനിലുള്ള ആക്ഷന്‍ കൗണ്‍സിലംഗം സാമുവല്‍ ജെറോമും പ്രേമകുമാരിക്കൊപ്പം പങ്കെടുത്തു. വധശിക്ഷ നടപ്പാക്കുന്നത് യെമന്‍ ഭരണകൂടം മാറ്റിവെയ്ക്കുമെന്നാണ് സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന്റെ പ്രതീക്ഷ. ആക്ഷന്‍ കൗണ്‍സിലിന്റെ ഹര്‍ജി സുപ്രിംകോടതി നാളെ പരിഗണിക്കും. ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ ഹാജരായി മറുപടി നല്‍കും. നിമിഷപ്രിയയുടെ മോചനത്തിനായി എന്തെല്ലാം സാധ്യത മുന്നിലുണ്ടെന്നതിലാവും കേന്ദ്ര സര്‍ക്കാരിന്റെ മറുപടി.

LEAVE A REPLY

Please enter your comment!
Please enter your name here