JSK സിനിമക്ക് പ്രദര്‍ശനാനുമതി. സിനിമയുടെ പുതിയ പതിപ്പിലെ മാറ്റങ്ങള്‍ CBFC അംഗീകരിച്ചു. പുതിയ പതിപ്പില്‍ എട്ട് മാറ്റങ്ങളാണ് വരുത്തിയത്. ഇന്നലെയാണ് സിനിമയുടെ പുതുക്കിയ പതിപ്പ് സമര്‍പ്പിച്ചത്
ഹൈകോടതിയിലെ ധാരണ പ്രകാരമാണ് പേര് മാറ്റം എന്ന നിലപാടിലേക്ക് അണിയറ പ്രവര്‍ത്തകരെത്തിയത്. ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള എന്ന പേര് മാറ്റി ജാനകി.വി v/s സ്റ്റേറ്റ് ഓഫ് കേരള എന്ന തലക്കെട്ടിലാണ് ചിത്രം തിരുവനന്തപുരം സെന്‍സര്‍ ബോര്‍ഡ് ഓഫീസിന് സമര്‍പ്പിച്ചത്. കോടതി രംഗങ്ങളിലെ വിസ്താര ഭാഗത്ത് ജാനകിയെന്ന പേര് പൂര്‍ണമായും മ്യൂട്ട് ചെയ്തതും പേര് മാറ്റിയതുമായ പതിപ്പിനാണ് റീജിയണല്‍ സെന്‍സര്‍ ബോര്‍ഡ് OK എന്നറിയിച്ചിരിക്കുന്നത്. പിന്നാലെയാണ്, അന്തിമാനുമതിയ്ക്കായി മുംബൈയിലെ CBFC ഓഫിസിലേക്ക് അയച്ചത്.
ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് സംവിധായകന് പ്രവീണ്‍ നാരായണന് ട്വന്റിഫോറിനോട് പറഞ്ഞു. കൂടെ നിന്നവരോട് നന്ദിയുണ്ടെന്നും ഏവരുടെയും പിന്തുണ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ജാനകി എന്ന പേരില്‍ പ്രശ്നം വരുമെന്ന് ആരും ചിന്തിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.