പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

0

പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. തച്ചനാട്ടുകര പഞ്ചായത്തിലെ 7, 8, 9, 11 വാര്‍ഡുകളിലും കരിമ്പുഴ പഞ്ചായത്തിലെ 17, 18 വാര്‍ഡുകളിലും നിലവിലുണ്ടായിരുന്ന കണ്ടെയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിരിക്കുന്നു. നിലവില്‍ ക്വാറന്റൈനില്‍ കഴിയുന്ന വ്യക്തികള്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ക്വാറന്റീനില്‍ തുടരേണ്ടതാണ്. നിയന്ത്രണങ്ങള്‍ നീങ്ങിയെങ്കിലും ജാഗ്രത തുടരണമെന്നും ജില്ലാ കലക്ടര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ നിര്‍ദേശിച്ചു. നിപ രോഗം സ്ഥിരീകരിച്ച 38 കാരിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്.

ജില്ലയില്‍ നിലവില്‍ ഒരു രോഗിക്ക് മാത്രമാണ് നിപ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ഐസൊലേഷനില്‍ കഴിയുന്ന അഞ്ചു പേരുടെ പുനര്‍ സാംപിള്‍ പരിശോധന ഫലം നെഗറ്റീവ് ആയിട്ടുണ്ട്. നിലവില്‍ ജില്ലയില്‍ 178 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍ ആകെ 3020 ഗൃഹസന്ദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. ജില്ലാ മാനസികാരോഗ്യ വിഭാഗം ഇതുവരെ 328 പേര്‍ക്ക് ടെലഫോണിലൂടെ കൗണ്‍സലിംഗ് സേവനം നല്‍കിയിട്ടുണ്ട്.

കേന്ദ്രസംഘം നിപ രോഗബാധിതയുടെ റൂട്ട് മാപ്പിലുള്ള മണ്ണാര്‍ക്കാട് നഴ്‌സിങ്ങ് ഹോം , പാലോട് മെഡി സെന്റര്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച് വിവര ശേഖരണം നടത്തി. കരിമ്പുഴ, തച്ചനാട്ടുകര പഞ്ചായത്തുകളിലെ കണ്ടെയ്‌ന്മെന്റ് സോണ്‍ പ്രദേശങ്ങളില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് നായ്ക്കളുടെ ജഡം കണ്ടെത്തുകയും അവ വിദഗ്ധ പരിശോധനയ്ക്കായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ സാമ്പിളുകള്‍ എടുത്ത് പരിശോധനക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. ജില്ലാ കലക്ടര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here