വിദ്യാര്‍ഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുട്ടികളെക്കൊണ്ട് കാലുകഴുകിക്കുന്നത് കേരളത്തിന്റെ സംസ്‌കാരമല്ലെന്നും വിഷയത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കാസര്‍ഗോഡ് ബന്തടുക്ക സരസ്വതി വിദ്യാലയത്തില്‍ ഗുരു പൂര്‍ണിമ എന്ന പേരില്‍ വിദ്യാര്‍ഥികളെക്കൊണ്ട് അധ്യാപകരുടെ പാദസേവ ചെയ്യിച്ച സംഭവം വിവാദമായതിന് പിന്നാലെ കണ്ണൂരിലും ഗുരുപൂജ നടന്നു. കണ്ണൂര്‍ ശ്രീകണ്ഠപുരം വിവേകാനന്ദ വിദ്യാ പീഠത്തിലാണ് കാല്‍കഴുകല്‍ നടന്നത്. പൂര്‍വ അധ്യാപകന്റെ കാല്‍ നിലവിലെ അധ്യാപകര്‍ കഴുകി. തുടര്‍ന്ന് വിദ്യാര്‍ഥികളെക്കൊണ്ട് പാദപൂജ ചെയ്യിച്ചുവെന്നാണ് പരാതി. ഗുരുപൂര്‍ണ്ണിമാഘോഷത്തിന്റെ പേരില്‍ കുട്ടികളെ കൊണ്ട് വിരമിച്ച അധ്യാപകന്റെ പാദസേവ ചെയ്യിച്ചത്. വിരമിച്ച അധ്യാപകന്‍ ബി. ശശിധരന്‍ മാസ്റ്ററെയാണ് കുട്ടികള്‍ പാദത്തില്‍ പൂക്കള്‍ അര്‍പ്പിച്ച് പാദസേവ ചെയ്തത്. തുടര്‍ന്ന് ഗുരുപൂര്‍ണ്ണിമയുടെ ‘പ്രാധാന്യ’ത്തെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് എടുക്കുകയും ചെയ്തതായി വിവരമുണ്ട്.
അതേസമയം, സ്‌കൂള്‍ സമയമാറ്റത്തെ പറ്റിയുള്ള വിഷയത്തിലും മന്ത്രി പ്രതികരിച്ചു. കോടതിയുടെ നിലപാടാണ് താന്‍ പറഞ്ഞത്. ധിക്കാരപരമായി ഞാന്‍ ഒന്നും പറഞ്ഞില്ല. കോടതിയില്‍ പറഞ്ഞതിന് അപ്പുറത്ത് താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും. ആരുമായും ചര്‍ച്ച നടത്താന്‍ താന്‍ തയ്യാറാണ്. സമയം അറിയിച്ചാല്‍ മതിയെന്നും മന്ത്രി പറഞ്ഞു.