തിരുവനന്തപുരം: സർവകലാശാലകൾ കാവിവത്കരിക്കാൻ ശ്രമം നടക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വി സിമാർ സംഘപരിവാർ വേദികളിൽ മുഖ്യ അതിഥികളാവുകയാണെന്ന് എം വി ഗോവിന്ദൻ ആരോപിച്ചു. എൽഡിഎഫ് സർക്കാർ വികസന കുതിപ്പിലേക്ക് മുന്നേറുകയാണ്. ഉന്നത വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണ്. വലിയ മാറ്റങ്ങളാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാവുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച 100 കലാലയങ്ങളിൽ പതിനാറെണ്ണം കേരളത്തിലാണ്.നീതി ആയോഗ് റിപ്പോർട്ടിൽ ഉന്നത വിദ്യാഭ്യാസ മേഖലയുടെ മികവിന് കേരളത്തിന് പ്രത്യേക പ്രശംസ ലഭിച്ചു. ഇത്തരം മുന്നേറ്റത്തെ തകർക്കാനുള്ള നടപടികളാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് എം വി ഗോവിന്ദൻ വിമർശിച്ചു.
ഗവർണർമാരെ ഉപയോഗിച്ചാണ് ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കെതിരെ നീക്കം നടത്തുന്നത്. സംഘപരിവാർ അജണ്ടകൾ നടപ്പാക്കാനുള്ള ശ്രമങ്ങളാണ് വൈസ് ചാൻസലർമാരെ കൂടി ഉപയോഗപ്പെടുത്തി കേന്ദ്രസർക്കാർ നടത്തുന്നത്. ഇവർ നിശ്ചയിക്കുന്ന വൈസ് ചാൻസലർമാർ തന്നെ സംഘപരിവാർ സമ്മേളനങ്ങളിൽ പങ്കെടുക്കുന്ന പ്രമുഖ വ്യക്തികളായി മാറുകയാണ്. ഇത് കേരളത്തിൽ പുതിയ പ്രവണതയാണ്. വി സിമാർ ഭരണഘടനാപരമല്ലാത്ത നിലപാടുകൾ സ്വീകരിക്കുന്നു. സർവ്വാധിപത്യരീതിയിൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. ഇതിനെതിരായി വിദ്യാർത്ഥികളും യുവജനങ്ങളും അധ്യാപകരും ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസത്തെ സംരക്ഷിക്കാൻ ശക്തിയായ ഇടപെടൽ നടത്തി വരികയാണ്. വിദ്യാർത്ഥി സമരം കേരളത്തിന്റെ നേട്ടങ്ങളെ സംരക്ഷിക്കാൻ വേണ്ടി ഉള്ളതാണ്. വിദ്യാഭ്യാസ മേഖലയെ തകർക്കാൻ ഒരു ശക്തിയേയും അനുവദിക്കില്ല എന്ന് കേരളം ഒറ്റക്കെട്ടായി പ്രഖ്യാപിക്കേണ്ട സമയമായി’, എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.