ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലെ പാർട്ടി കേന്ദ്രങ്ങളിൽ നിന്ന് വോട്ട് ചോർന്നുവെന്ന് സിപിഐ ജില്ലാ സമ്മേളന റിപ്പോർട്ട്. ഏറ്റവുമധികം സാധ്യത കൽപ്പിച്ച സ്ഥാനാർത്ഥി വി എസ് സുനിൽകുമാർ പരാജയപ്പെട്ടു. വർഗീയശക്തികളുടെ വോട്ടുകൾ ബിജെപിക്ക് ലഭിച്ചു. സംസ്ഥാന സർക്കാരിനെതിരായുള്ള ഭരണവിരുദ്ധ വികാരം ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും റിപ്പോർട്ടിൽ പരാമർശം.
കോൺഗ്രസിന്റെ വോട്ട് വലിയ രീതിയിൽ ചോർന്നത് ബിജെപിയുടെ വിജയത്തിന് സഹായിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. എൽഡിഎഫിന്റെയും പാർട്ടിയുടെയും പ്രതീക്ഷകളെ തകിടം മറിച്ചാണ് തൃശ്ശൂരിൽ വിഎസ് സുനിൽ കുമാറിന്റെ തോൽവി. ന്യൂനപക്ഷ സമുദായങ്ങൾ കോൺഗ്രസിന് അനുകൂലമായ നിലപാട് തിരഞ്ഞെടുപ്പിൽ സ്വീകരിച്ചു. അഞ്ചുവർഷത്തോളം സുരേഷ് ഗോപിക്കായി ബിജെപി പ്രചാരണം നടത്തിയത് സോഷ്യൽ മീഡിയ പേജുകളും ഇൻസ്റ്റഗ്രാം ഹാന്‍ഡിലുകളും വാടകയ്ക്ക് എടുത്താണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ക്ഷേത്രങ്ങളിലും കോളനികളിലും ബിജെപി സ്ഥാനാർത്ഥിയെ പരിചയപ്പെടുത്താൻ പ്രത്യേക പ്രവർത്തനം നടത്തി. ഇടതുപക്ഷത്തിന് സ്ഥിരമായി വോട്ട് ചെയ്തിരുന്ന സ്ത്രീകളുടെ യുവജനങ്ങളുടെയും വോട്ടുകൾ എൻഡിഎക്ക് ലഭിച്ചുവെന്നും ജില്ലാ സമ്മേളന റിപ്പോർട്ട്. കരുവന്നൂർ ഉൾപ്പെടെയുള്ള ബാങ്കുകളിലെയും സഹകരണ മേഖലകളിലെയും അഴിമതികൾ തിരഞ്ഞെടുപ്പിൽ ക്ഷീണം ചെയ്തുവെന്നും വിലയിരുത്തൽ.