തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരായ എസ്എഫ്‌ഐയുടെ കേരള സര്‍വകലാശാല സമരത്തെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഗവര്‍ണര്‍ക്കെതിരെ സമരം ചെയ്യാനാണെങ്കില്‍ രാജ്ഭവന് മുന്നില്‍ സമരം ചെയ്യാനും എന്തിനാണ് യൂണിവേഴ്‌സിറ്റിയില്‍ പോയി ഈ സമരാഭാസം കാണിക്കുന്നതെന്നും സതീശന്‍ ചോദിച്ചു. സര്‍വകലാശാലയില്‍ ജോലി ചെയ്യുന്ന അധ്യാപകരെ എന്തിനാണ് ഈ ക്രിമിനലുകള്‍ തല്ലിയതെന്നും ഗവര്‍ണര്‍ക്കെതിരായ സമരത്തില്‍ ജീവനക്കാരെയും മറ്റ് വിദ്യാര്‍ത്ഥികളെയും മര്‍ദ്ദിക്കുന്നത് എന്തിനാണെന്നും വി ഡി സതീശന്‍ ചോദിച്ചു.
ആരോഗ്യരംഗത്തിനെതിരെ നടക്കുന്ന സമരങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് എസ്എഫ്‌ഐ സമരമെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.താന്‍ ആര്‍എസ്എസ് ഏജന്റാണെന്ന ക്യാപ്‌സ്യൂള്‍ കേരളത്തില്‍ ഓടില്ലെന്നും സതീശന്‍ പറഞ്ഞു. ‘1977ല്‍ ആര്‍എസ്എസ് പിന്തുണയോടെ ജയിച്ച ആളല്ലേ പിണറായി വിജയന്‍. മസ്‌കറ്റില്‍ വെച്ച് ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയ ആളല്ലേ അദ്ദേഹം. നിതിന്‍ ഗഡ്കരിക്ക് പൊന്നാടയുമായി പോയത് ആരാണ്? താന്‍ ഗവര്‍ണറോടൊപ്പവും നിര്‍മല സീതാരാമനോടൊപ്പവും പുട്ടും കടലയും കഴിക്കാന്‍ പോയ ആളല്ല. അപ്പോള്‍ ആര്‍എസ്എസ് ഏജന്റ് ആരായിരുന്നുവെന്ന് എസ്എഫ്‌ഐക്കാരോട് ചോദിക്കണ’മെന്നായിരുന്നു വി ഡി സതീശന്റെ പ്രതികരണം.