ബം​ഗ്ലാദേശ് കലാപക്കേസ്; ഷെയ്ഖ് ഹസീനയെ ഓഗസ്റ്റ് മൂന്നിന് വിചാരണ ചെയ്യും

0

ധാക്ക: ബംഗ്ലദേശിലെ വിദ്യാർത്ഥി കലാപവുമായി ബന്ധപ്പെട്ട് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഓഗസ്റ്റ് 3ന് വിചാരണ ചെയ്യാൻ പ്രത്യേക ട്രൈബ്യൂണൽ തീരുമാനിച്ചു. കൂട്ടക്കൊല, പീഡനം തുടങ്ങി അഞ്ചു കുറ്റകൃത്യങ്ങൾ ചുമത്തിയാണ് ഹസീനയ്ക്കെതിരെ കേസെടുത്തിട്ടുള്ളത്. വധശിക്ഷ വരെ കിട്ടാൻ സാധ്യതയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഹസീനയുടെ അഭാവത്തിലും വിചാരണ നടത്താനാണ് ദി ഇന്റർനാഷനൽ ക്രൈംസ് ട്രൈബ്യൂണൽ ഓഫ് ബംഗ്ലദേശിന്റെ (ഐസിടി-ബിഡി) തീരുമാനം.

കഴിഞ്ഞവർഷം ജൂലൈ 15 മുതൽ ഓഗസ്റ്റ് 15 വരെ നടന്ന വിദ്യാർത്ഥി പ്രക്ഷോഭം അടിച്ചമർത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്. ഓഗസ്റ്റ് 5നാണ് പ്രക്ഷോഭത്തെത്തുടർന്ന് പ്രധാനമന്ത്രിയായിരുന്ന ഹസീന രാജ്യം വിട്ടുപോയത്. കുറ്റപത്രം തള്ളണമെന്ന പ്രതിഭാഗത്തിന്റെ ഹർജി തള്ളിയ ശേഷമാണ് ജസ്റ്റിസ് എം ഡി ഗോലം മോർട്ടുസ മസുംദറിന്റെ നേതൃത്വത്തിലുള്ള ഐസിടി ബെഞ്ചിന്റെ ഉത്തരവ്. പ്രതിഷേധക്കാരെ നേരിടാൻ ഉത്തരവിട്ടതിനെത്തുടർന്ന് 1,400 പേർ ബംഗ്ലാദേശിൽ കൊല്ലപ്പെട്ടതായി ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

മുൻ ആഭ്യന്തരമന്ത്രി അസദുസ്മാൻ ഖാൻ കമൽ, പൊലീസ് ഐജി ചൗധരി അബ്ദുല്ല അൽ മാമുൻ എന്നിവരെയും വിചാരണ ചെയ്യും. ട്രൈബ്യൂണലിന് മുന്നിൽ ഹാജരാക്കിയ ഏക പ്രതിയായ മാമുൻ കുറ്റം സമ്മതിച്ചതായും പ്രോസിക്യൂട്ടർമാർ അറിയിച്ചു. മെയ് 12 ന് ഐസിടി-ബിഡിയുടെ അന്വേഷണ ഏജൻസി കേസിൽ റിപ്പോർട്ട് സമർപ്പിച്ചത്. ഷെയ്ഖ് ഹസീന ഉൾപ്പെടെയുള്ള മൂന്ന് പ്രതികൾക്കും എതിരെ അഞ്ച് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here