മിനിമം ബാലൻസ് ഇല്ലെങ്കിൽ പിഴ എന്ന നിബന്ധന ഒഴിവാക്കി പൊതുമേഖലാ ബാങ്കുകൾ. 4 ബാങ്കുകളാണ് തീരുമാനവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ജൂൺ 1 മുതൽ മിനിമം ബാലൻസ് നിബന്ധന എടുത്ത് മാറ്റി ആദ്യമായി മുന്നോട്ട് വന്നത് കനറാ ബാങ്ക് ആണ്. പിന്നാലെ പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ബാങ്ക് എന്നിവയും പിഴ ഒഴിവാക്കി രംഗത്തെത്തി.
പലിശ നിരക്കുകൾ കുറയുന്ന സാഹചര്യത്തിലാണ് ബാങ്കുകൾ ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്. 2020 മുതൽ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ് ബി ഐ, സേവിങ്സ് അക്കൗണ്ടിലെ മിനിമം ബാലൻസ് നിബന്ധന ഒഴിവാക്കിയിരുന്നു.
കണക്കുകൾ കാണിക്കുന്നത് പ്രതിവർഷം 1700 രൂപയോളമാണ് മിനിമം ബാലൻസ് ഇല്ലാത്തതിനാൽ ബാങ്കുകൾ പിഴയായി ഈടാക്കുന്നത്. കഴിഞ്ഞ വർഷം ജൂൺ വരെയുള്ള കണക്ക് പ്രകാരം 5 വർഷം കൊണ്ട് 8,495 കോടി രൂപയാണ് പിഴ ഇനത്തിൽ ബാങ്കുകൾക്ക് ലഭിച്ചത്. കേന്ദ്ര ധനമന്ത്രാലയം പാർലമെന്റിനെ അറിയിച്ച കണക്കുകളാണിത്.