National

മുന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഔദ്യോഗിക ബംഗ്ലാവ് ഒഴിയണം; കത്തയച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ നാല് ജഡ്ജിമാര്‍ക്ക് ഇതുവരെ സര്‍ക്കാര്‍ താമസസൗകര്യം അനുവദിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച് സുപ്രീംകോടതി കേന്ദ്രത്തിന് കത്തെഴുതി. മൂന്ന് പേര്‍ ട്രാന്‍സിറ്റ് അപ്പാര്‍ട്ട്മെന്റുകളിലും ഒരാള്‍ സംസ്ഥാന ഗസ്റ്റ് ഹൗസിലുമാണ് താമസിക്കുന്നത്. മുന്‍ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയില്‍ കാലാവധി കഴിഞ്ഞിട്ടും താമസിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സുപ്രീംകോടതി കേന്ദ്രത്തിന് കത്തെഴുതുകയായിരുന്നു. ബംഗ്ലാവ് ഒഴിപ്പിച്ച് നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയായ കൃഷ്ണമേനോന്‍ ബംഗ്ലാവ് അടിയന്തരമായി ഒഴിഞ്ഞു കൊടുക്കണമെന്നാണ് ആവശ്യം. 2024 നവംബര്‍ 10നാണ് ഡി വൈ ചന്ദ്രചൂഡ് വിരമിച്ചത്. നിലവിലെ ചീഫ് ജസ്റ്റിസിനാണ് ഔദ്യോ?ഗിക ബംഗ്ലാവില്‍ താമസിക്കാന്‍ അര്‍ഹതയുള്ളത്. വിരമിച്ച് ആറ് മാസം വരെ വാടകയില്ലാതെ സര്‍ക്കാര്‍ ബംഗ്ലാവില്‍ താമസിക്കാം. ചന്ദ്രചൂഡ് വിരമിച്ചതിന് ശേഷം വന്ന മുന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും നിലവിലെ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയും കൃഷ്ണമേനോന്‍ ബംഗ്ലാവിലേയ്ക്ക് താമസം മാറുന്നില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്നാണ് ചന്ദ്രചൂഡ് ഔദ്യോഗിക വസതിയില്‍ താമസിച്ചത്. ഇരുവരോടും ചന്ദ്രചൂഡ് കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു.

2025 മെയ് 31 ന് ഡിവൈ ചന്ദ്രചൂഡ് ഔദ്യോഗിക വസതി ഒഴിയേണ്ടതാണ്. ആറ് മാസത്തെ കാലാവധി അവസാനിച്ചെന്നും മന്ത്രാലയ സെക്രട്ടറിക്ക് അയച്ച കത്തില്‍ പറയുന്നു. അതേസമയം വ്യക്തിപരമായ സാഹചര്യങ്ങളാണ് കാലതാമസത്തിന് കാരണമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. വാടകയ്ക്ക് ഒരു ബദല്‍ താമസ സ്ഥലം അനുവദിച്ചിട്ടുണ്ടെന്നും അറ്റകുറ്റപ്പണികളും നവീകരണവും പൂര്‍ത്തിയാകുന്നതുവരെ താന്‍ കാത്തിരിക്കുകയാണെന്നും ചന്ദ്രചൂഡ് പറയുന്നു. പ്രത്യേക പരിചരണം ആവശ്യമുള്ള രണ്ട് പെണ്‍കുട്ടികളാണ് തനിക്കുള്ളതെന്നും അവരുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ വീട് കണ്ടെത്താനാണ് കുറച്ച് സമയമെടുത്തതെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. ജനിതകപ്രശ്നമുള്ള രോഗങ്ങളുള്ളവരാണര്‍. എയിംസിലെ സ്പെഷ്യലിസ്റ്റുകളാണ് ചികിത്സ നല്‍കുന്നത്. വീട് അന്വേഷിക്കാന്‍ കൂടുതല്‍ സമയമെടുത്തത് ഈ കാരണം കൊണ്ടാണെന്നും സുപ്രീംകോടതിയിലെ ജഡ്ജിമാരുമായും ഉദ്യോഗസ്ഥരുമായും ഇതിനകം ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ചന്ദ്രചൂഡ് വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button