International

ടെക്സസിലെ മിന്നല്‍ പ്രളയം: മരണം 43 ആയി

അമേരിക്കയിലെ ടെക്സസിലെ മിന്നല്‍ പ്രളയത്തില്‍ മരണം 43 ആയി. മരിച്ചവരില്‍ 15 കുട്ടികളും ഉള്‍പ്പെടുന്നു. സമ്മര്‍ ക്യാമ്പില്‍ നിന്നും കാണാതായ 27 കുട്ടികളെ കണ്ടെത്താനായില്ല. മേഖലയില്‍ വീണ്ടും വെള്ളപ്പൊക്കം ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുന്നു. ഇതേ പ്രദേശത്തു തന്നെ വീണ്ടും 10 ഇഞ്ച് വരെ മഴയാണ് പ്രവചിക്കപ്പെടുന്നത്. അടിയന്തര സാഹചര്യം നേരിടാന്‍ സര്‍ക്കാര്‍ പ്രാദേശിക അധികാരികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ഈ വാരാന്ത്യത്തില്‍ കൂടുതല്‍ വെള്ളപ്പൊക്കമുണ്ടായേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി.

27ഓളം പേര്‍ക്കുള്ള തിരച്ചിലാണ് നടക്കുന്നത്. ഇതില്‍ കൂടുതലും പെണ്‍കുട്ടികളാണ്. 850ഓളം പേരെ രക്ഷപ്പെടുത്തിയതായാണ് ടെക്‌സസ് സംസ്ഥാനം പറയുന്നത്. തിരച്ചില്‍ കഴിഞ്ഞ് എത്തുന്നവര്‍ക്കായി ഒരു റീ യൂണിഫിക്കേഷന്‍ സെന്റര്‍ കാല്‍ഗറി ടെംപിള്‍ ചര്‍ച്ചില്‍ തുറന്നിട്ടുമുണ്ട്. കുട്ടികളുടെ മാതാപിതാക്കളടക്കം അവിടെയുണ്ട്.

തുടര്‍ച്ചയായ തിരച്ചിലാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ടെക്‌സസ് ഗവര്‍ണര്‍ പറഞ്ഞു. ഡോണള്‍ഡ് ട്രംപ് ഭരണകൂടവും ടെക്‌സസ് സ്റ്റേറ്റും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. ടെക്‌സസ് സംസ്ഥാനം ഫെഡറല്‍ ഡിസാസ്റ്റര്‍ ഡിക്ലറേഷന്‍ പ്രഖ്യാപിച്ചു. ഇത് അംഗീകരിക്കുമെന്ന് ട്രംപ് ഭരണകൂടം പറഞ്ഞിട്ടുണ്ട്. യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം അധികം വൈകാതെ അവിടെ എത്തിച്ചേരുമെന്നും ട്രംപ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button