സംസ്ഥാന സ്കൂൾ കലോത്സവം തൃശ്ശൂരിലും സ്കൂൾ ഒളിമ്പിക്സ് തിരുവനന്തപുരത്തും സംഘടിപ്പിക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. തിരുവനന്തപുരത്ത് വിളിച്ചുചേർത്ത അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ടിടിഐ,പി പി ടി ടി ഐ കലോത്സവം വയനാട്ടിലും സംസ്ഥാന അധ്യാപക അവാർഡ്, സ്കൂൾ പെർഫോമൻസ് അവാർഡ് വിതരണ ചടങ്ങുകൾ തിരുവനന്തപുരത്തും സംഘടിപ്പിക്കും. സ്പെഷ്യൽ സ്കൂൾ കലോത്സവം മലപ്പുറത്തും ശാസ്ത്രോത്സവം പാലക്കാട്ടും ദിശ ഹയർ സ്റ്റഡീസ് എക്സ്പോ ആൻഡ് ഇന്റർനാഷണൽ കരിയർ കോൺക്ലേവ് കോട്ടയത്തും സംഘടിപ്പിക്കപ്പെടും.
സ്കൂളുകളുടെ പുതിയ സമയക്രമത്തിന് യോഗത്തിൽ അംഗീകാരമായി. രാവിലെ 9.45ന് ആരംഭിച്ച് വൈകിട്ട് 4.15 വരെയാണ് സ്കൂൾ സമയം. സ്കൂൾ ഉച്ചഭക്ഷണം പുതുക്കിയ മെനു അനുസരിച്ച് വിതരണം ചെയ്യുന്നതിനുള്ള പാചക ചെലവ് വർദ്ധിപ്പിച്ചു നൽകണമെന്ന അധ്യാപക സംഘടനകളുടെ ആവശ്യം ചർച്ച ചെയ്ത് തീരുമാനിക്കാം എന്ന് മന്ത്രി അറിയിച്ചു. അതോടൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും സ്കൂൾ ഉച്ചഭക്ഷണത്തിന് ഏതെങ്കിലും വിഹിതം ലഭ്യമാകുമോ എന്ന കാര്യം തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളുമായുള്ള ചർച്ചയിൽ ഉന്നയിക്കാമെന്നും മന്ത്രി വ്യക്തമാക്കി. അക്കാദമിക മാസ്റ്റർ പ്ലാൻ നടപ്പിലാക്കുന്നതിന് സംഘടനകൾ പിന്തുണ അറിയിച്ചു. സ്കൂളുകളുടെ ടേം പരീക്ഷകളും യൂണിറ്റ് പരീക്ഷകളും തുടരുന്നതാണ് ഉചിതം എന്ന അധ്യാപക സംഘടനകളുടെ ആവശ്യം യോഗം അംഗീകരിച്ചു.
ഹയർസെക്കണ്ടറി പ്രിൻസിപ്പൽ, വിഎച്ച്എസ്ഇ ട്രാൻസ്ഫർ നടത്തുന്നതിന് സാങ്കേതിക തടസ്സങ്ങൾ ഉടൻ പരിഹരിച്ച് സ്ഥലംമാറ്റം നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെ ഒഴിവുള്ള നാല് തസ്തികകളിലേക്ക് അടിയന്തര നിയമനം നടത്തും. കുട്ടികളുടെ യുഐഡി സംബന്ധിച്ച സാങ്കേതിക പ്രശ്നം പരിശോധിക്കുകയും തസ്തിക നിർണയത്തിന് നിശ്ചയിച്ചിരിക്കുന്ന തിയതിക്ക് ശേഷം ലഭ്യമായ യുഎഡികളുടെ എണ്ണം കൂടി പരിഗണിക്കുന്ന കാര്യം ഉടൻ തീരുമാനിക്കും. കായികാധ്യാപകരുടെ തസ്തികനിർണയം സംബന്ധിച്ച് 2017 ൽ നിലവിലുണ്ടായിരുന്ന സർക്കാർ ഉത്തരവ് പുന:സ്ഥാപിക്കുന്നതിനും വിദ്യാർത്ഥി, കായികാധ്യാപക അനുപാതം 1:500 എന്നതിൽ നിന്ന് 1:300 ആക്കി മാറ്റുന്ന കാര്യവും ഹയർസെക്കൻഡറി മേഖലയിലും എൽ പി വിഭാഗത്തിലും കായികാധ്യാപകരെ അനുവദിക്കുന്ന കാര്യവും അടിയന്തരമായി പരിശോധിക്കും. അധ്യാപകദിന ആചരണവും അവാർഡ് വിതരണവും സംഘടിപ്പിക്കുന്നതിന് തിരുവനന്തപുരം സ്ഥിരം വേദിയാക്കും.
ഈ വർഷം അധ്യാപക ദിനാചരണ ചടങ്ങ് സെപ്റ്റംബർ 5 തിരുവോണം ആയതിനാൽ സെപ്റ്റംബർ 9 ലേക്ക് മാറ്റിവയ്ക്കാൻ തീരുമാനിച്ചു. വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം, കുട്ടികളുടെ മാനസിക പ്രശ്നങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യാൻ എല്ലാ അധ്യാപകർക്കും കൗൺസിലിങ്ങിൽ പരിശീലനം നൽകും. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം തേടും. എസ് എസ് കെ യിൽ ജോലിചെയ്യുന്ന ഏഴായിരത്തോളം വരുന്ന ജീവനക്കാർക്ക് നിലവിൽ കേന്ദ്ര സർക്കാർ വിഹിതം ലഭ്യമാകാത്തതുമൂലം കൃത്യമായി ശമ്പള വിതരണം നടത്തുന്നതിന് സാധിക്കുന്നില്ല. ഈ പ്രശ്നം മന്ത്രിസഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് ശാശ്വത പരിഹാരം കാണുന്നതിനു ശ്രമം നടത്തും. ഒപ്പം കേന്ദ്രവിഹിതമായ 1444.49 കോടി രൂപ ലഭ്യമാക്കുന്നതിന് നിയമപരമായ അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചു. പുതുതായി സ്കൂളുകളിലേക്ക് വന്നുചേർന്ന കുട്ടികൾക്ക് കൂടി പാഠപുസ്തകം വിതരണം ചെയ്യുന്നതിനായി നടപടികൾ ത്വരിതപ്പെടുത്തും.
2025-26 ലെ വിദ്യാഭ്യാസ കലണ്ടർ അധ്യാപക സംഘടനകളുടെ യോഗത്തിൽ പ്രകാശനം ചെയ്തു. സംസ്ഥാനത്തെ 42 അധ്യാപക സംഘടനാ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. പൊതു വിദ്യാഭ്യാസ സെക്രട്ടറി കെ വാസുകി ഐ എ എസ്, എസ് സി ഇ ആർ ടി ഡയറക്ടർ ഡോ.ആർ കെ ജയപ്രകാശ്, അഡീഷണൽ ഡിജി മാരായ ആർ ഷിബു, സി എ സന്തോഷ്, ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ അക്കാദമിക് ഷാജിദ, സെക്രട്ടറിയേറ്റിലെയും വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.