കോട്ടയം മെഡിക്കല്‍ കോളേജില്‍ തകര്‍ന്നുവീണത് അടച്ചിട്ട കെട്ടിടം; മന്ത്രി വീണാ ജോര്‍ജ്

0

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ പ്രവര്‍ത്തനരഹിതമായ കെട്ടിടമാണ് തകര്‍ന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അടച്ചിട്ട കെട്ടിടത്തിന്റെ ശുചിമുറിയുടെ ഭാഗമാണ് ഇടിഞ്ഞുവീണത്. വാര്‍ഡ് പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നു. അപകടത്തില്‍ രണ്ടുപേര്‍ക്ക് ചെറിയ പരിക്കേറ്റതായാണ് പ്രാഥമിക വിവരമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

കിഫ്ബിയില്‍നിന്ന് പണം അനുവദിച്ച് പുതിയ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിരുന്നു. പുതിയ കെട്ടിടത്തിലേക്കു മാറാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയായിരുന്നു. ഷിഫ്റ്റിങ്ങ് സംബന്ധിച്ച തീരുമാനം രണ്ടാഴ്ച മുമ്പാണ് എടുത്തതെന്നും മന്ത്രി വീണ അറിയിച്ചു. പഴയ വസ്തുക്കള്‍ കൊണ്ടിടാന്‍ ഉപയോഗിച്ചിരുന്ന ഭാഗമാണ് തകര്‍ന്നതെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.

കെട്ടിടം തകര്‍ന്നു വീണതറിഞ്ഞ് മന്ത്രിമാരായ വിഎന്‍ വാസവനും വീണാ ജോര്‍ജും ഉടന്‍ തന്നെ മെഡിക്കല്‍ കോളജിലെത്തിയിരുന്നു. ഫയര്‍ഫോഴ്സ് അധികൃതരും, ഗാന്ധിനഗര്‍ പൊലീസും ഇടിഞ്ഞുവീണ സ്ഥലത്ത് പരിശോധന നടത്തുകയാണ്. മൂന്നുനില കെട്ടിടത്തിലെ പതിനാലാം വാര്‍ഡിലെ ഓര്‍ത്തോപീഡിക് സര്‍ജറി വിഭാഗം പ്രവര്‍ത്തിച്ചിരുന്ന ഭാഗമാണ് തകര്‍ന്നത്. രാവിലെ 10.45 ഓടെയായിരുന്നു അപകടം.

LEAVE A REPLY

Please enter your comment!
Please enter your name here