ഭാരതാംബ വിഷയത്തിൽ കേരളം സർവകലാശാല രജിസ്ട്രാർക്കെതിരെ വൈസ് ചാൻസിലർ നടത്തിയിരിക്കുന്നത് ഗുരുതര അധികാര ദുർവിനിയോഗമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. കേരള സർവകലാശാല ചട്ടങ്ങൾ അനുസരിച്ച് വി സിക്ക് രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാനുള്ള അധികാരമില്ല. രജിസ്ട്രാറെ നിയമിക്കുന്നത് സിൻഡിക്കേറ്റ് ആണ്. സിൻഡിക്കേറ്റിനു മുമ്പാകെ ഈ കാരണം വൈസ് ചാൻസിലർക്ക് വെക്കാം. നേരിട്ട് രജിസ്ട്രാർക്ക് എതിരെ നടപടി എടുക്കാൻ വിസിക്ക് ഇപ്പോൾ നിലവിലുള്ള നിയമപ്രകാരം സാധ്യമല്ലെന്നും മന്ത്രി വ്യക്തമാക്കി.
വ്യാജമായിട്ടുള്ള ആരോപണത്തെ മുൻനിർത്തിയാണ് രജിസ്ട്രാർക്കെതിരെ നടപടി എടുത്തിരിക്കുന്നത്. വി സി ആർഎസ്എസ് കൂറ് തെളിയിച്ചതിന്റെ ഭാഗമായിട്ട് നിയോഗിക്കപ്പെട്ട ആളാണ്. ഡോ. മോഹൻ കുന്നുമ്മൽ സർവകലാശാലയിലെ താത്കാലിക വി സിയാണ്. താത്കാലിക വി സിയായ അദ്ദേഹം തന്റെ അധികാരപരിധിക്ക് പുറത്തുപോയി. വിഷയത്തിൽ വിശദമായി ആലോചിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇടപെടും.
കലാലയങ്ങൾ മികവിന്റെ പാതയിലൂടെ നീങ്ങുന്ന സമയത്ത് കടുത്ത കാവിവൽക്കരണ പരിശ്രമങ്ങളുമായി ചില ചാൻസിലർമാർ വന്ന് കേരളത്തിന്റെ വിദ്യാഭ്യാസമേഖലയെ കലുഷിതമാക്കാൻ ശ്രമിക്കുന്നു. ബോധപൂർവ്വം സർവകലാശാല ക്യാമ്പസുകളിൽ സംഘർഷം ഉണ്ടാക്കാൻ ചാൻസിലർമാരുടെ ഭാഗത്ത് നിന്ന് ശ്രമം ഉണ്ടാകുന്നു എന്ന് പറയുന്നത് നിർഭാഗ്യകരമാണെന്നും വിഷയത്തിൽ സർക്കാർ ആലോചിച്ച് ഇടപെടുമെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു. കാവിക്കൊടിയേന്തിയ സ്ത്രീയെ ഭാരതാംബയായി ചിത്രീകരിക്കുന്നത് കാവിവൽക്കരണത്തിന്റെ ഭാഗമാണ്. രജിസ്ട്രാർ നിയമപരമായ നടപടികളുമായി മുന്നോട്ട് പോകട്ടെ. വിഷയത്തിൽ മുഖ്യമന്ത്രിയുടെ കൂടി നിർദ്ദേശപ്രകാരം നടപടിയെടുക്കും മന്ത്രി കൂട്ടിച്ചേർത്തു.