നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിച്ച യുഡിഎഫ് നിലപാട് ചര്‍ച്ചയാക്കാന്‍ ബിജെപി. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ആണ് വിഷയത്തില്‍ പുതിയ പ്രതികരണവുമായി രംഗത്തെത്തിയത്. തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കോണ്‍ഗ്രസ് എന്ത് വഴിയും തേടും. നിലമ്പൂരിന് പുറമെ വയനാട് ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ജമാ അത്തെ ഇസ്ലാമിയുടെ വോട്ടുകള്‍ വാങ്ങിയെന്ന് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു.
ജമാഅത്തെ ഇസ്ലാമി മതേതരത്വത്തിന് വിരുദ്ധമായി നിലനില്‍ക്കുന്ന സംഘടനയാണ്. വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ് അവര്‍ മുന്നോട്ട് വയ്ക്കുന്നത്. എല്ലാ സംഘടനകളുടെയും മേധാവിമാര്‍ പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയവരാണ്. ജമാ അത്തെ ഇസ്ലാമിക്ക് ഇത് അമീര്‍ ആണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചൂണ്ടിക്കാട്ടുന്നു. ജമാഅത്തെ ഇസ്ലാമിയുടെ അടിസ്ഥാന തത്വങ്ങള്‍ രേഖപ്പെടുത്തിയ നോട്ടീസ് ഉള്‍പ്പെടെ ഉയര്‍ത്തിക്കാട്ടിയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്റെ വാര്‍ത്താസമ്മേളനം.