‘കേരളത്തിലെ പശ്ചാത്തല മേഖലയില്‍ വികസന കുതിപ്പ്’; നാറാണത്ത് പാലം മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു

0

കണ്ണൂര്‍ എടക്കാട് ഗ്രാമപഞ്ചായത്തിലെ നടാല്‍ പുഴക്ക് കുറുകെ പുതിയതായി നിര്‍മിച്ച നാറാണത്ത് പാലം പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു. നടാല്‍ – കിഴുന്ന പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണ് പാലം. ഓണ്‍ലൈനായാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. 9 വര്‍ഷം കൊണ്ട് കേരളത്തിലെ പശ്ചാത്തല വികസന മേഖലയില്‍ വലിയ കുതിപ്പാണ് കാണാന്‍ സാധിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

കണ്ണൂര്‍ ജില്ലയില്‍ മാത്രം 16 പാലങ്ങളാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. കണ്ണൂരിലെ പുതിയ ടൂറിസം മേഖലകള്‍ക്ക് ഈ റോഡുകളും പാലങ്ങളും ഏറെ സഹായകരമാകുന്നതോടൊപ്പം നാടിന്റെ വികസന മുന്നേറ്റത്തിന് പുത്തന്‍ ഉണര്‍വേകുകയും ചെയ്യുന്നു എന്ന് മന്ത്രി വ്യക്തമാക്കി. നടാല്‍ പുഴയ്ക്ക് കുറുകെ ഉണ്ടായിരുന്ന വീതി കുറഞ്ഞ പഴയ പാലം പൊളിച്ചുമാറ്റി വീതി കൂടിയ പുതിയ പാലം നിര്‍മിക്കുന്നതിനായി 3.45 കോടി രൂപയാണ് ചെലവഴിച്ചിട്ടുള്ളത്. പാലത്തിന് 16.60 മീറ്റര്‍ നീളമുള്ള രണ്ട് സ്പാനുകളും ഇരു ഭാഗങ്ങളിലും 1.50 മീറ്റര്‍ വീതിയില്‍ നടപ്പാതയും ഉള്‍പ്പെടെ ആകെ 11 മീറ്റര്‍ വീതിയുണ്ട്. പാലത്തിന്റെ അടിത്തറയ്ക്ക് പൈല്‍ ഫൗണ്ടേഷനാണ് നല്‍കിയിട്ടുള്ളത്. പാലത്തിന്റെ ഇരുഭാഗങ്ങളിലും 30 മീറ്റര്‍ നീളത്തില്‍ അനുബന്ധ റോഡുകളും കൂടാതെ ആവശ്യമായ ഇടങ്ങളില്‍ കോണ്‍ക്രീറ്റ് പാര്‍ശ്വഭിത്തിയും ഡ്രൈനേജും റോഡ് സുരക്ഷാക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കണ്ണൂര്‍ കോര്‍പറേഷന്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പികെ രാഗേഷ്, കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ കെവി കവിത, ഫിറോസ് ഹാസിം, പിവി കൃഷ്ണകുമാര്‍, എംകെ മുരളി, സി ലക്ഷ്മണന്‍, രാഹുല്‍ കായക്കല്‍, പികെ മുഹമ്മദ്, കെകെ ജയപ്രകാശ്, ഒ ബാലകൃഷ്ണന്‍, കെപി പ്രശാന്തന്‍, പി ഹരീന്ദ്രന്‍, അസ്ലാം പിലാക്കല്‍, കെ പ്രദീപന്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here