പ്രണയപ്പക; മധ്യപ്രദേശില്‍ ആശുപത്രിയില്‍ ആളുകള്‍ നോക്കിനില്‍ക്കെ വിദ്യാര്‍ഥിനിയെ കഴുത്തുമുറിച്ച് കൊന്നു

0

മധ്യപ്രദേശില്‍ പ്രണയപ്പകയില്‍ ആശുപത്രിയില്‍ വച്ച് ആളുകള്‍ നോക്കിനില്‍ക്കേ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ മുന്‍കാമുകന്‍ കഴുത്തുമുറിച്ചു കൊന്നു. നര്‍സിംഗ്പൂരിലെ സര്‍ക്കാര്‍ ജില്ലാ ആശുപത്രിയില്‍ സന്ധ്യ ചൗധരി എന്ന 19 വയസ്സുള്ള പെണ്‍കുട്ടിയെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവം നടക്കുമ്പോള്‍ ആശുപത്രി ജീവനക്കാര്‍ അടക്കം നിരവധിപ്പേര്‍ ഉണ്ടായിരുന്നെങ്കിലും ആരും ഇടപെട്ടില്ല.

ദിവസങ്ങള്‍ക്ക് മുന്‍പാണ് സംഭവം. പ്രതിയായ അഭിഷേക് കോഷ്തി പെണ്‍കുട്ടിയുടെ കഴുത്ത് മുറിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കറുത്ത ഷര്‍ട്ട് ധരിച്ചെത്തിയ അഭിഷേക് ആശുപത്രിയിലെ ട്രോമ സെന്ററിന് പുറത്തുവച്ച് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട ശേഷം സന്ധ്യയെ ആദ്യം മര്‍ദ്ദിച്ചു. തുടര്‍ന്ന് നിലത്തേയ്ക്ക് തള്ളിയിട്ട ശേഷം കൈയില്‍ കരുത്തിയിരുന്ന കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. തുടര്‍ന്ന് അക്രമി സ്വയം കഴുത്തറുക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍ കയറി പ്രതി രക്ഷപ്പെടുകയായിരുന്നു.

കൊലപാതകം നടന്ന സമയത്ത്, ട്രോമ സെന്ററിന് പുറത്ത് രണ്ട് സുരക്ഷാ ഗാര്‍ഡുകളെ നിയോഗിച്ചിരുന്നു. അകത്ത്, ഡോക്ടര്‍, നഴ്സുമാര്‍, എന്നിവരുള്‍പ്പെടെ നിരവധി ആശുപത്രി ജീവനക്കാര്‍ ഉണ്ടായിരുന്നു. ആരും അക്രമിയെ തടയാതിരുന്നത് ആക്ഷേപത്തിന് ഇടയാക്കിയിട്ടുണ്ട്.
സംഭവ ദിവസം പ്രസവ വാര്‍ഡിലുള്ള ഒരു സുഹൃത്തിന്റെ ബന്ധുവിനെ കാണാന്‍ എന്ന് പറഞ്ഞ് സന്ധ്യ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. സന്ധ്യയെ കാത്ത് അഭിഷേക് കോഷ്തി ഉച്ച മുതല്‍ ആശുപത്രിയില്‍ ചുറ്റിത്തിരിയുകയായിരുന്നു. സംഭവത്തിന് പിന്നാലെ രോഷാകുലരായ കുടുംബം ആശുപത്രിക്ക് പുറത്തുള്ള റോഡ് ഉപരോധിച്ചു.

‘സോഷ്യല്‍ മീഡിയ വഴിയാണ് ഇവര്‍ പരിചയപ്പെട്ടത്. രണ്ടുവര്‍ഷത്തിലേറെയായി ഇവര്‍ സൗഹൃദത്തിലായിരുന്നു. ഈ വര്‍ഷം ജനുവരി മുതല്‍, പെണ്‍കുട്ടി മറ്റൊരാളെ കാണുന്നുണ്ടെന്നും തന്നെ വഞ്ചിക്കുകയാണെന്നും പ്രതി സംശയിച്ചു. പെണ്‍കുട്ടിയെ കൊല്ലാനും ജീവനൊടുക്കാനും പദ്ധതിയിട്ടിരുന്നതായി അയാള്‍ സമ്മതിച്ചു. ആക്രമണത്തിന് ശേഷം പ്രതി സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.’- നര്‍സിംഗ്പൂര്‍ എസ്പി മാധ്യമങ്ങളോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here