തിരുവനന്തപുരം: റെയിൽവേയുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങൾക്കും ചോദ്യങ്ങൾക്കും വേണ്ടി കൊണ്ടുവന്ന ആപ്പാണ് സ്വ ആപ്പ്. വിജയകരമായ ട്രയലിന് ശേഷം സ്വ ആപ്പ് പുറത്തിറങ്ങിയിരിക്കുകയാണ്. പക്ഷേ, ഇത്തവണ നിരവധി മാറ്റങ്ങളുമായാണ് ആപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. പേരിൽ തന്നെയാണ് ആദ്യത്തെ മാറ്റം. സ്വ ആപ്പ് ഇനി മുതൽ റെയിൽവൺ ആയിരിക്കും. ഇന്ത്യൻ റെയിൽവേയുടെ റെയിൽവൺ ആപ്പിനെ ‘സൂപ്പർ ആപ്പ്’എന്നാണ് പറയുന്നത്. റെയിൽവേയുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ലഭ്യമാകുന്ന രീതിയിലാണ് പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.
ടിക്കറ്റ് റിസർവേഷൻ, പ്ലാറ്റ്ഫോം ടിക്കറ്റ്, പിഎൻആർ ട്രാക്കിങ്, ട്രെയിൻ സ്റ്റാറ്റസ്, കോച്ച് പൊസിഷൻ തുടങ്ങിയ വിവിധ സേവനങ്ങൾ റെയിൽവൺ ആപ്പിൽ ലഭ്യമാണ്. ഡിജിറ്റൽ പരിഹാരങ്ങളിലൂടെ യാത്രാ സേവനങ്ങൾ ആധുനികവൽക്കരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള ദൗത്യത്തിന്റെ ഭാഗമാണ് ഈ ആപ്പ്. പ്ലേസ്റ്റോറിലും ആപ്പ്സ്റ്റോറിലും ആപ്പ് ലഭ്യമാണ്. ഇന്ത്യൻ റെയിൽവേ യാത്രക്കാർക്ക് നിലവിൽ വിവിധ സേവനങ്ങൾക്കായി ഒന്നിലധികം ആപ്പുകളും വെബ്‌സൈറ്റുകളും ഉപയോഗിക്കേണ്ടി വരാറുണ്ട്. ഇതിനു ഒരു പരിഹാരമായാണ് ഒറ്റ ആപ്പ് എന്ന ആശയം ഇപ്പോൾ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.