സംസ്ഥാന പൊലീസ് മേധാവി നിയമനം; കൂത്തുപറമ്പ് വെടിവെയ്പിലെ പങ്ക് ഓര്‍മിപ്പിച്ച് പി ജയരാജന്‍

സംസ്ഥാന പൊലീസ് മേധാവിയായി റവാഡാ ചന്ദ്രശേഖറിനെ നിയമിച്ചതില്‍ അതൃപ്തി പരസ്യമാക്കി സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍. കൂത്തുപറമ്പ് ഓര്‍മ്മിപ്പിച്ച് പി ജയരാജന്‍. കൂത്തുപറമ്പില്‍ വെടിവെപ്പ് നടത്തിയവരില്‍ ഒരാളാണ് റവാഡ ചന്ദ്രശേഖര്‍ എന്നാണ് പരാമര്‍ശം. നിയമനത്തില്‍ വിശദീകരിക്കേണ്ടത് സര്‍ക്കാരാണെന്നും പി ജയരാജന്‍ പറഞ്ഞു.
പട്ടികയിലുണ്ടായിരുന്ന നിതിന്‍ അഗര്‍വാള്‍ സിപഐഎമ്മുകാരെ തല്ലിച്ചതച്ചിട്ടുണ്ടെന്നും യോഗേഷ് ഗുപ്തയെ ഒഴിവാക്കിയത് എന്തിനെന്ന് സര്‍ക്കാരിനോട് ചോദിക്കണമെന്നും പി ജയരാജന്‍ പ്രതികരിച്ചു. എല്ലാവര്‍ക്കും നീതി ഉറപ്പാക്കുന്ന തരത്തിലുള്ള പൊലീസ് സംവിധാനമാണ് അതാണ് പാര്‍ട്ടി തീരുമാനിച്ചത്.
1994 നവംബര്‍ 25 സി പി ഐ എമ്മിന് മറക്കാനാകില്ല. കൂത്തുപറമ്പില്‍ വെടിവെയ്പുണ്ടായതും 5 പേര്‍ മരിച്ചതും അന്നാണ്. പുഷ്പനെ പോലെ നിരവധി പേര്‍ക്ക് പരിക്കുമേറ്റു. അന്ന് വെടിവെപ്പിന് നേതൃത്വം നല്‍കിയ തലശേരി എ എസ് പി രവാഡ ചന്ദ്രശേഖര്‍ ഇന്ന് സംസ്ഥാന പൊലീസ് മേധാവിയായി. രവാഡ ചന്ദ്രശേഖര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയതും 2012ല്‍ ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. വെടിവെപ്പിന് രണ്ട് ദിവസം മുമ്പ് മാത്രം എ എസ് പിയായി ചുമതലയേറ്റ രവാഡ ചന്ദ്രശേഖറിനെ വെടിവെപ്പിനെക്കുറിച്ച് അന്വേഷിച്ച പത്മനാഭന്‍ നായര്‍ കമ്മിഷന്‍ ആരോപണ മുക്തനാക്കിയിരുന്നു.