News

മെഡിക്കല്‍ കോളജിലെ ഉപകരണ ക്ഷാമം; അന്വേഷിക്കാന്‍ നാലംഗ സമിതി

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഉപകരണ ക്ഷാമവുമായി ബന്ധപ്പെട്ട് യൂറോളജി വിഭാഗം മേധാവി ഡോ ഹാരിസ് നടത്തിയ തുറന്നുപറച്ചില്‍ അന്വേഷിക്കാനായി നാലംഗ സമിതി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ആരോഗ്യവകുപ്പിന് ശിപാര്‍ശ നല്‍കി. നാലംഗ സമിതി ആരോപണങ്ങള്‍ അന്വേഷിക്കണം. തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ടും സമിതിയില്‍ ഉണ്ടാകും.മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ നല്‍കിയ ശിപാര്‍ശയില്‍ ആരോഗ്യവകുപ്പ് ഉടന്‍ ഉത്തരവ് ഇറക്കിയേക്കും.

മെഡിക്കല്‍ കോളജിലെ ഉപകരണക്ഷാമത്തെക്കുറിച്ച് ഒരു വര്‍ഷം മുന്‍പ് ആരോഗ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടെ അറിയിച്ചിരുന്നുവെന്നും എല്ലാ വിഭാഗത്തിലും പ്രശ്നങ്ങളുണ്ടെന്നും പല വകുപ്പ് മേധാവിമാരും അത് തുറന്ന് പറയാത്തത് ഭയംകൊണ്ടാണെന്നുമാണ് ഡോ ഹാരിസ് പറയുന്നത്. തനിക്കും ആദ്യഘട്ടത്തില്‍ ഭയമുണ്ടായിരുന്നുവെങ്കിലും രോഗികളോടുള്ള കടപ്പാടും കടമയും ഓര്‍ത്തപ്പോള്‍ ആ ഭയത്തിന് അര്‍ഥമില്ലെന്ന് തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പല ഉപകാരണങ്ങളും രോഗികളാണ് വാങ്ങിത്തരുന്നത് എന്ന ഗുരുതരമായ ആരോപണവും അദ്ദേഹവും മുന്നോട്ടുവെച്ചു. വീഴ്ച മന്ത്രിയുടെ ഭാഗത്തല്ല, ഉദ്യോഗസ്ഥരുടെ ഭാഗത്താണെന്നും ശസ്ത്രക്രിയകള്‍ മുടങ്ങുന്ന അവസ്ഥ മുന്‍പും ഉണ്ടാകാറുണ്ടെന്നും ഡോ. ഹാരിസ് കൂട്ടിച്ചേര്‍ത്തു. ഗുരുതര പ്രശ്‌നങ്ങളുമായി വരുന്ന രോഗികളുടെ ഓപ്പറേഷന്‍ അടക്കം മാറ്റിവെയ്‌ക്കേണ്ടി വരികയാണെന്നും മികച്ച ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായിട്ട് പോലും അനങ്ങാപ്പാറ പോലെ ബ്യൂറോക്രസിയുടെ മതില്‍ മുന്‍പില്‍ നില്‍ക്കുകയാണെന്നും ഡോ ഹാരിസ് കുറ്റപ്പെടുത്തിയിരുന്നു.

എന്നാല്‍ ഡോക്ടറിന്റേത് വൈകാരിക പ്രതികരണമാണെന്നും മൊത്തം സംവിധാനത്തെ നാണം കെടുത്താന്‍ വേണ്ടി പോസ്റ്റിട്ടതാകാമെന്നുമായിരുന്നു ഡിഎംഇയുടെ പ്രതികരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button