National

പുരിയിൽ രഥയാത്രയ്ക്കിടെ തിക്കും തിരക്കും; മൂന്ന് ഭക്തർ മരിച്ചു

ഭുവനേശ്വർ: പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും മൂന്ന് മരണം. 10 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. ജഗന്നാഥ ക്ഷേത്രത്തിന് മൂന്ന് കിലോമീറ്റർ അപ്പുറത്തുവെച്ച് രഥങ്ങൾ ഒരുമിച്ച് വന്ന സമയത്താണ് അപകടമുണ്ടായത്.

ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു അപകടം ഉണ്ടായത്. രഥങ്ങൾ എത്തിയതോടെ നൂറുകണക്കിന് ഭക്തർ പ്രാർത്ഥിക്കാനായെത്തി. ഇതോടെ തിക്കും തിരക്കും അനുഭവപ്പെടുകയായിരുന്നു. മൂന്ന് ഭക്തരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. രണ്ട് വനിതകളും 70 വയസുള്ള ഒരു വയോധികനുമാണ് മരിച്ചത്. സ്ഥലത്ത് തിരക്ക് നിയന്ത്രിക്കാനുളള മതിയായ സംവിധാനങ്ങൾ ഇല്ലായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

രണ്ട് ദിവസം മുൻപും രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും 500ലേറെ പേർക്ക് പരിക്ക് പറ്റിയിരുന്നു. എല്ലാ വര്‍ഷവും ജൂണ്‍-ജൂലൈ മാസങ്ങളിൽ നടക്കുന്ന പുരി രഥയാത്രയിൽ പതിനായിരക്കണക്കിന് തീർത്ഥാടകരാണ് എത്തിച്ചേരാറുള്ളത്. വൻ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി കേന്ദ്ര സായുധ പൊലീസ് സേനയുടേതുൾപ്പെടെ ഏകദേശം 10,000 ഉദ്യോഗസ്ഥരെ നഗരത്തിലുടനീളം വിന്യസിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button