Kerala

മഞ്ഞപ്പിത്തത്തിന് ചികിത്സ നല്‍കിയില്ല?; മലപ്പുറത്ത് ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു

മലപ്പുറം: മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരന്‍ ചികിത്സ കിട്ടാതെ മരിച്ചതായി ആക്ഷേപം. മലപ്പുറം കോട്ടക്കലിനടുത്ത് പാങ്ങിലാണ് സംഭവം. അക്യുപങ്ചറിസ്റ്റായ ഹിറ ഹറീറ – നവാസ് ദമ്പതികളുടെ മകന്‍ എസന്‍ എര്‍ഹാനാണ് മരിച്ചത്. മാതാപിതാക്കള്‍ ചികിത്സ നല്‍കാതിരുന്നതാണ് കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചതെന്ന ആരോപണത്തില്‍ കോട്ടക്കല്‍ പൊലീസ് അന്വേഷണം തുടങ്ങി. ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 14ന് വീട്ടിലാണ് കുഞ്ഞിന് ജന്മം നല്‍കിയത്. ഇതുവരെ ഒരു പ്രതിരോധ കുത്തിവെപ്പുകളും എടുത്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. സമൂഹമാധ്യമങ്ങളില്‍ അശാസ്ത്രീയമായ ചികിത്സ ഇവര്‍ പ്രോത്സാഹിപ്പിച്ചിരുന്നു. ശാസ്ത്രീയമായ ചികിത്സ രീതിയെ തുറന്നെതിര്‍ക്കുന്ന നിലപാടുകള്‍ സമൂഹമാധ്യമങ്ങളില്‍ ഇവര്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

മഞ്ഞപ്പിത്തം ബാധിച്ച കുഞ്ഞ് ഇന്നലെ വൈകുന്നേരമാണ് മരിച്ചത്. ഇന്ന് രാവിലെ മൃതദേഹം കബറടക്കുകയും ചെയ്തു. മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോകാനോ ചികിത്സ നല്‍കാനോ തയ്യാറായിരുന്നില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. കുട്ടി പാലുകുടിക്കുന്നതിനിടെ പാല് തലയില്‍ കയറി മരിച്ചതെന്നാണ് ഇവര്‍ അയല്‍വാസികളോട് പറഞ്ഞത്. എന്നാല്‍ ഇങ്ങനെ മരണം സംഭവിക്കില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. ആരോഗ്യവകുപ്പ് അധികൃതര്‍ വീട്ടിലെത്തി പരിശോധന നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button