സര്‍ക്കാര്‍ നേട്ടം പി.വി അന്‍വര്‍ വോട്ടാക്കി; എം.വി ഗോവിന്ദന്‍

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പി വി അന്‍വര്‍ ഘടകമായിരുന്നുവെന്ന് തിരുത്തി സിപിഐഎം. പി വി അന്‍വര്‍ പാര്‍ട്ടി വോട്ടുകളും പിടിച്ചെന്ന് വിലയിരുത്തി കൊണ്ടാണ് ഘടകമല്ലെന്ന മുന്‍ നിലപാടില്‍ മാറ്റം വരുത്തിയത്. സര്‍ക്കാരിന്റെ നേട്ടം അന്‍വര്‍ തന്റെ നേട്ടമായി അവതരിപ്പിച്ചുവെന്നും അത് വോട്ടായി മാറിയെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു.ആര്‍എസ്എസ് സഹകരണ പരാമര്‍ശത്തില്‍ മുഖ്യമന്ത്രിയോ പാര്‍ട്ടി കമ്മിറ്റികളോ തന്നെ വിമര്‍ശിച്ചിട്ടില്ല. തെറ്റായ വാര്‍ത്തകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു
പി വി അന്‍വര്‍ നിലമ്പൂരില്‍ ഒരു ഘടകമേ അല്ലെന്നായിരുന്നു പ്രചാരണ ഘട്ടത്തില്‍ സിപിഐഎമ്മിന്റെ നിലപാട് . എന്നാല്‍ ഫലം വന്നതോടെ നിലപാട് തിരുത്തുകയാണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അടിയന്തരാവസ്ഥക്കാലത്ത് ആര്‍എസ്എസുമായി സഹകരിച്ചിട്ടുണ്ടെന്ന പ്രസ്താവനയില്‍ തനിക്കെതിരെ വിമര്‍ശനം നടന്നുവന്ന വാര്‍ത്ത എം വി ഗോവിന്ദന്‍ നിഷേധിച്ചു. പാര്‍ട്ടി സെക്രട്ടറിക്കെതിരായ ആക്രമണം പാര്‍ട്ടിക്കെതിരായ ആക്രമണം ആണെന്നും അദ്ദേഹം പ്രതികരിച്ചു. നിലമ്പൂരിലെ സംഘടനാ പ്രശ്‌നങ്ങളില്‍ തിരുത്തല്‍ നടപടികള്‍ ഉണ്ടാകുമെന്നും എംവി ഗോവിന്ദന്‍ അറിയിച്ചു.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ പരാജയം സിപിഐഎം നേതൃയോഗം ചര്‍ച്ച ചെയ്തു.യുഡിഎഫിന് വോട്ട് കുറഞ്ഞതായി യോഗം വിലയിരുത്തിയെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയുമായി ചേര്‍ന്ന് മുസ്ലിം ലീഗ് വര്‍ഗീയ പ്രചാരണം നടത്തി. യുഡിഎഫ് അതിന് പിന്തുണ നല്‍കിയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.