പഴയ കെട്ടിടം ഇടിഞ്ഞ് അതിഥി തൊഴിലാളികള്‍ മരിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവന്‍കുട്ടി

തൃശൂര്‍: കൊടകരയില്‍ കെട്ടിടം ഇടിഞ്ഞ് ഉണ്ടായ അപകടത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. ലേബര്‍ കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല. വിശദമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് ശിവന്‍കുട്ടിയുടെ നിര്‍ദ്ദേശം. മരിച്ച മൂന്ന് അതിഥി തൊഴിലാളികളുടെയും മൃതദേഹങ്ങള്‍ തൊഴില്‍ വകുപ്പ് നാട്ടിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
കൊടകരയില്‍ പഴയ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് അതിഥി തൊഴിലാളികളാണ് മരിച്ചത്. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശികളായ ആലിം, രൂപേല്, രാഹുല്‍ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു അപകടമുണ്ടായത്. ഇവര്‍ ജോലിക്കുപോകാനായി ഇറങ്ങുന്നതിനിടെയാണ് കെട്ടിടം തകര്‍ന്നുവീണത്.
അതേസമയം സംഭവത്തിന് പിന്നാലെ സംസ്ഥാനത്ത് അതിഥിതൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ കാലപ്പഴക്കം സംബന്ധിച്ച് ജില്ലാ കളക്ടര്‍മാരോട് പരിശോധന നടത്താന്‍ ആവശ്യപ്പെടുമെന്ന് റവന്യൂ മന്ത്രി കെ രാജന് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ പരിശോധിച്ച് തൊഴില്‍ വകുപ്പുമായി ചേര്‍ന്ന് കാര്യങ്ങള്‍ നീക്കുമെന്നും മന്ത്രി ഉറപ്പ് നല്കി.
സംസ്ഥാനത്ത് മഴ കനക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പടിഞ്ഞാറന്‍ കാറ്റ് കിഴക്കന്‍ കാറ്റാകുന്ന അപൂര്‍വ സ്ഥിതിയാണ് ഇപ്പോഴുള്ളത്. അതിനാല്‍ 50-60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുണ്ടാകുമെന്നും എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. മലയോര ജനത പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നല്കി. വിവിധ ജില്ലകളിലായി 5929 ക്യാമ്പ് സൈറ്റുകള്‍ തയ്യാറാക്കിയിട്ടുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ ആളുകള്‍ മാറി താമസിക്കണം. ജനങ്ങള്‍ക്ക് എല്ലാ സഹായവും ലഭിക്കുമെന്നും എല്ലായിടത്തും ജാഗ്രത നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.