ഹിമാചലില്‍ മിന്നല്‍ പ്രളയം: രണ്ടുപേര്‍ മരിച്ചു, പതിനഞ്ചുപേരെ കാണാതായി

ഷിംല: ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനത്തിന് പിന്നാലെ ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ രണ്ടുപേര്‍ മരിച്ചു. കാന്‍ഗ്ര ജില്ലയില്‍ നിന്നാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. പത്തുപേരെ കാണാതായി. കുളു ജില്ലയില്‍ 3 പേരെ കാണാതായെന്നാണ് റിപ്പോർട്ട്. നിരവധി വീടുകളും റോഡുകളും പാലങ്ങളും ഒലിച്ചുപോയി. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. ‘ഇതുവരെ രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു. കാന്‍ഗ്രയില്‍ ഒഴുകിപ്പോയ ആളുകളെ കണ്ടെത്താനുളള ശ്രമം തുടരുകയാണ്. ധര്‍മ്മശാലയ്ക്ക് സമീപമുളള ഇന്ദിര പ്രിയദര്‍ശിനി ജലവൈദ്യുത പദ്ധതിക്കായി ജോലി ചെയ്തിരുന്നവരെയാണ് കാണാതായ’തെന്ന് കാന്‍ഗ്ര ഡെപ്യൂട്ടി കമ്മീഷണര്‍ ഹേംരാജ് ബൈരവ പറഞ്ഞു. ഹിമാചല്‍ പ്രദേശില്‍ ഒന്നിലധികം മേഘവിസ്‌ഫോടനമുണ്ടായിരുന്നു.
കുളു ജില്ലയിലെ ബഞ്ചാര്‍, ഗഡ്‌സ, മണികരണ്‍, സൈഞ്ച് എന്നിവിടങ്ങളിലായി നാല് മേഘവിസ്‌ഫോടനങ്ങളാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. കുളുവിലെ ബഞ്ചാര്‍ സബ് ഡിവിഷനിലെ സൈഞ്ച് താഴ്‌വരയില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ മൂന്നുപേരെയാണ് കാണാതായത്. മൂന്നിലധികം വീടുകള്‍ ഒലിച്ചുപോയി. മണാലി സബ് ഡിവിഷന്റെ പല ഭാഗങ്ങളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിവിധ ടീമുകള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും കുളു ഡെപ്യൂട്ടി കമ്മീഷണര്‍ ടോറുള്‍ എസ് രവീഷ് പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേനയുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും കാണാതായവരെ കണ്ടെത്തുന്നതിനാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.
കനത്ത മഴ തുടരുന്നതിനാല്‍ വെളളപ്പൊക്കം, മണ്ണിടിച്ചില്‍, മേഘവിസ്‌ഫോടനം എന്നിവയ്ക്കുളള സാധ്യത കൂടുതലാണെന്ന് ഹിമാചല്‍ പ്രദേശ് പൊലീസ് ആസ്ഥാനം മുന്നറിയിപ്പ് നല്‍കി. എല്ലാ ജില്ലാ എസ്പിമാര്‍ക്കും എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമുകളെ സജീവമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകട സാധ്യതയുളള സ്ഥലങ്ങളില്‍ പൊതുജനങ്ങള്‍ക്ക് അടിയന്തര കോണ്‍ടാക്റ്റ് നമ്പറുകള്‍ നല്‍കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കുന്നിന്‍ ചെരുവുകളിലേക്കും ജലാശയങ്ങളിലേക്കുമുളള അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും നിര്‍ദേശമുണ്ട്.