Kerala

അന്‍വര്‍ വിഷയത്തില്‍ പ്രതികരിക്കാതെ വിഡി സതീശന്‍; മാധ്യമങ്ങളുടെ ചോദ്യത്തിന് നോ കമന്റ്‌സ് എന്ന് മറുപടി

പിവി അന്‍വറിന്റെ യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പി.വി. അന്‍വറിന്റെ യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് നോ കമന്റ്‌സ് എന്നായിരുന്നു സതീശന്റെ പ്രതികരണം.

അതേസമയം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയത്തെക്കുറിച്ചുള്ള പ്രതികരണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വീണ്ടും എല്‍ഡിഎഫിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു.

നിലമ്പൂരിലെ ജനവിധി ജനങ്ങളെ മറന്നുകഴിഞ്ഞ സര്‍ക്കാരിന് ലഭിച്ച മറുപടിയാണെന്ന് അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് ഇപ്പോഴും ഈ സന്ദേശം മനസ്സിലാക്കാതെ തുടരുകയാണെങ്കില്‍, അതിന്റെ ഗുണം കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ മുന്നണിക്കായിരിക്കുമെന്ന് സതീശന്‍ വ്യക്തമാക്കി.

യുഡിഎഫ് വിജയത്തെ വര്‍ഗീയവാദികളുടെ പിന്തുണയുടെ ഫലമായാണ് എല്‍ഡിഎഫ് ചിത്രീകരിക്കുന്നത്. പ്രിയങ്ക ഗാന്ധിക്ക് വോട്ട് ചെയ്തത് വര്‍ഗീയവാദികളാണെന്ന് സിപിഐ എം നേതാവ് എ വിജയരാഘവന്‍ പറഞ്ഞതിനെ കടുത്ത ഭാഷയില്‍ വി.ഡി. സതീശന്‍ വിമര്‍ശിച്ചു. വര്‍ഗീയവാദികളുടെ വോട്ട് വേണ്ടെന്ന ധീര നിലപാടെടുത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും നിലമ്പൂരിലെ ജനങ്ങളുടെ തീരുമാനത്തെ വര്‍ഗീയവും തീവ്രവാദപരവുമെന്ന് പറഞ്ഞ് അപമാനിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button