National

ശശി തരൂരിന്‍റെ മോദി സ്തുതി; ഹൈക്കമാൻഡ് അതൃപ്തിയിൽ

ദില്ലി: ശശി തരൂരും കോൺഗ്രസും തമ്മിൽ ഭിന്നത രൂക്ഷമാകുന്നു തരൂരിന്‍റെ മോദി സ്തുതിയില്‍ ഹൈക്കമാൻഡ് കടുത്ത അതൃപ്തിയിലാണ്. തരൂരുമായി ചർച്ചയില്ലെന്ന് നേതൃത്വം വ്യക്തമാക്കി. അതിനിടെ ശശി തരൂരിന്‍റെ മോദി സ്തുതിയിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി വിമര്‍ശനം കടുപ്പിച്ചു.

പ്രധാനമന്ത്രിയെ പ്രശംസിച്ചതിലൂടെ തരൂർ ലക്ഷ്യമിട്ടത് രാഹുൽ ഗാന്ധിയെയെന്നാണ് ബിജെപി വിലയിരുത്തല്‍. മോദിയുടെ വിദേശനയം സ്വീകാര്യമല്ലെന്നാണ് രാഹുലിന്‍റെ നിലപാട്. എന്നാൽ മോദിയുടെ നയം ലോക വേദികളിലെ ഇന്ത്യയുടെ സ്വത്തെന്ന് തരൂർ സമ്മതിച്ചു. രാഹുലിന്‍റെ നയങ്ങൾക്ക് സ്വന്തം പാർട്ടിയിൽ പോലും സ്വീകാര്യതയില്ലെന്നും ബിജെപി വ്യക്തമാക്കി

ഓപ്പേറേഷന്‍ സിന്ദൂറിന്‍റെ ഭാഗമായി നടത്തിയ വിദേശ പര്യടനത്തെ കുറിച്ച് വിശദീകരിച്ചെഴുതിയ ലേഖനത്തിലാണ് പ്രധാനമന്ത്രിയുടെ കഴിവുകളെ തരൂര്‍ പ്രശംസിക്കുന്നത്. മോദിയുടെ ഊര്‍ജ്ജം, ചലനാത്മകത, ഇടപഴകാനുള്ള സന്നദ്ധത ഇതൊക്കെയാണ് തരൂര്‍ വിശദീകരിക്കുന്നത്. ഈ മൂന്ന് ഗുണങ്ങളും ലോക വേദികളില്‍ ഇന്ത്യയുടെ സ്വത്താണെന്നാണ് തരൂര്‍ പുകഴ്ത്തുന്നത്. മികച്ച പിന്തുണ അദ്ദേഹം അര്‍ഹിക്കുന്നുണ്ട്. ഓപ്പറേഷന്‍ സിന്ദൂറിന്‍റെ ഭാഗമായുള്ള സര്‍വകക്ഷി സംഘത്തിന്‍റെ പര്യടനം വന്‍ വിജയമായിരുന്നുവെന്നും തരൂര്‍ അവകാശപ്പെടുന്നു.

ഐക്യത്തിന്‍റെ ശബ്ദമാണ് അന്താരാഷ്ട്ര വേദികളില്‍ കേട്ടത്. ഭരണ പ്രതിപക്ഷ ഐക്യമുണ്ടെങ്കില്‍ കൂടുതല്‍ ഐക്യത്തോടെയും ബോധ്യത്തോടെയും ഇന്ത്യയുടെ ശബ്ദമുയര്‍ത്താനാകും.അങ്ങനെയൊരവസരം പ്രധാനമന്ത്രി ഒരുക്കിയെന്നാണ് ലേഖനത്തിലൂടെ തരൂര്‍ പറഞ്ഞു വയ്ക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂറിലൂടെ കേന്ദ്രസര്‍ക്കാരിനെയും, മോദിയേയും അകമഴിഞ്ഞ് പുകഴ്തത്തുന്ന തരൂരിന്‍റെ ലേഖനം പ്രധാനമന്ത്രിയുടെ ഓഫീസ് പങ്ക് വച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ വിദേശ പര്യടന ദൗത്യത്തിലെ മുന്‍ കേന്ദ്രമന്ത്രിയും, കോണ്‍ഗ്രസ് എംപിയുമായ ശശി തരൂരിന്‍റെ അനുഭവങ്ങളെന്ന പേരിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ലേഖനത്തെ പരിചയപ്പെടുത്തുന്നത്.

അതേ സമയം പ്രധാനമന്ത്രിയുടെ ദൗത്യമേറ്റെടുത്തുള്ള മൂന്ന് രാജ്യങ്ങളിലെ തരൂരിന്‍റെ പുതിയ പര്യടനം സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ല. റഷ്യയും, ഗ്രീസും, യുകെയുമാണ് പട്ടികയിലുള്ളത്. സര്‍ക്കാരും അത്യന്തം രഹസ്യാത്മകത സൂക്ഷിക്കുന്നുണ്ട്. കോണ്‍ഗ്രസിനെ അടിക്കാനാണ് തരൂരിനോട് അമിത താല്‍പര്യം കാട്ടുന്നതെങ്കിലും നയതന്ത്ര റോളിലേക്ക് ഉയര്‍ത്തുന്നതിലും മറ്റും ബിജെപിക്കുള്ളില്‍ മുറുമുറുപ്പുണ്ടെന്നാണ് സൂചന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button