Kerala

ലക്ഷ്മണ രേഖ ലംഘിച്ചാല്‍ തരൂരിനെതിരെ നടപടി: കെസി വേണുഗോപാല്‍

ആലപ്പുഴ: ഈ മാസത്തെ ക്ഷേമപെന്‍ഷന്‍ ഇന്നലെ മുതല്‍ വിതരണം ചെയ്യുമെന്ന് പറഞ്ഞ സര്‍ക്കാര്‍ അത് ഇതുവരെ വിതരണം ചെയ്തില്ലെന്ന് ആലപ്പുഴ എംപിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെസി വേണുഗോപാല്‍. ശശി തരൂര്‍ ലക്ഷ്മണ രേഖ ലംഘിച്ചാല്‍ നടപടിയെടുക്കുമെന്ന് പറഞ്ഞ അദ്ദേഹം ഭാരതാംബ ചിത്ര വിവാദത്തില്‍ ഗവര്‍ണറുടെ നടപടിയെയും വിമര്‍ശിച്ചു.

ക്ഷേമപെന്‍ഷന് എല്ലാവര്‍ക്കും അവകാശം ഉണ്ടെന്നും കുടിശ്ശികയാക്കി വെക്കുന്ന പെന്‍ഷന്‍ തുക തെരഞ്ഞെടുപ്പ് കാലത്ത് കൊടുക്കുന്ന രീതിയെയാണ് താന്‍ വിമര്‍ശിച്ചതെന്നും കെസി വേണുഗോപാല്‍ വിമര്‍ശിച്ചു. അതിന് എന്തെല്ലാം കോലാഹലങ്ങളായിരുന്നു? തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് ഈ മാസത്തെ പെന്‍ഷന്‍ ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ അത് ഇതുവരെ വിതരണം ചെയ്തിട്ടില്ല. നിലമ്പൂരിലെ വോട്ടര്‍മാരെ സ്വാധീനിക്കാനാണ് പ്രഖ്യാപനം നടത്തിയത്. ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ ഉത്തരവാണ് കഴിഞ്ഞ ദിവസം ഇറങ്ങിയത്. ഇത് ജനത്തെ കബളിപ്പിക്കുന്നതാണ്. തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണ് നടന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്നും ഇക്കാര്യത്തില്‍ പരാതി നല്‍കുന്നത് ആലോചിക്കുമെന്നും കെസി പറഞ്ഞു.

അന്‍വര്‍ വിഷയത്തിലെ ചോദ്യത്തോട് യുഡിഎഫില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമെന്ന് പറഞ്ഞ് കെസി വേണുഗോപാല്‍ ഒഴിഞ്ഞു. ഭാരതാംബ ചിത്ര വിവാദത്തില്‍ ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ച അദ്ദേഹം സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കേണ്ട പദവിയല്ല ഗവര്‍ണറുടേതെന്ന് ചൂണ്ടിക്കാട്ടി. ഗവര്‍ണര്‍ ഇങ്ങനെ പെരുമാറിയാല്‍ എന്താകും അവസ്ഥ? ഗവര്‍ണറുടെ ഉദ്ദേശം എന്താണെന്ന് മനസിലാകുന്നില്ല. മുഖ്യമന്ത്രി രാഷ്ട്രപതിക്ക് പരാതി നല്‍കണം. എന്തുകൊണ്ട് കൊടുക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button