Kerala

ഖാര്‍ഗെയേയും രാഹുലിനേയും കാണാന്‍ സമയം തേടി തരൂര്‍, വീണ്ടും വിദേശ പര്യടനം?; പ്രശംസിച്ച് സുരേഷ് ഗോപി

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ പോളിങ് ദിവസം നിലമ്പൂരിലേക്ക് തന്നെ ആരും ക്ഷണിച്ചില്ലെന്നും മിസ്‌കോള്‍ പോലും ലഭിച്ചില്ലെന്നുമുള്ള പ്രസ്താവന പാര്‍ട്ടിയില്‍ ചര്‍ച്ചയായതിന് പിന്നാലെ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും കാണാന്‍ സമയം തേടി കോൺ​ഗ്രസ് നേതാവ് ശശി തരൂര്‍. കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചാല്‍ തരൂര്‍ ഉടന്‍ ഇരുവരെയും കാണും. അതിനിടെ ശശി തരൂര്‍ വീണ്ടും വിദേശപര്യടനത്തിന് ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. രണ്ടാഴ്ചയോളം നീളുന്ന പര്യടനമാണിത്. യുകെ,റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് പദ്ധതി. വിദേശകാര്യ പാര്‍ലമെന്ററി സമിതി അധ്യക്ഷനെന്ന നിലയില്‍ ഇരുരാജ്യങ്ങളുമായുള്ള നയതന്ത്രതല കൂടിക്കാഴ്ചകളും അജണ്ടയില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം.

ഓപ്പറേഷന്‍ സിന്ദൂര്‍ ലോകരാജ്യങ്ങളെ ബോധ്യപ്പെടുത്തുന്നതിനുള്ള എംപിമാരുടെ സംഘത്തിന്റെ തലവനായിരുന്നു ശശി തരൂര്‍. ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയത്തിലെ നിലപാട് അടക്കം താനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചര്‍ച്ചയാകുന്നതിന് പിന്നാലെയാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും രാഹുല്‍ ഗാന്ധിയെയും കാണാന്‍ ശശി തരൂര്‍ സമയം തേടിയത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ പോളിങ് ദിവസം തരൂര്‍ നടത്തിയ ചില പ്രസ്താവനകള്‍ കോണ്‍ഗ്രസില്‍ അതൃപ്തി സൃഷ്ടിച്ചിരുന്നു. ശശി തരൂര്‍ വിവാദം ചര്‍ച്ചയാക്കേണ്ട എന്നും പ്രസ്താവനകള്‍ ഗൗരവമായി കാണേണ്ട എന്നുമായിരുന്നു ഹൈക്കമാന്റ് തീരുമാനം. സമാനമായ നിലയില്‍ ശശി തരൂരിന്റെ പ്രസ്താവനകളോട് കരുതലോടെ മറുപടി നല്‍കിയാല്‍ മതിയെന്നാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും തീരുമാനം. വിഷയത്തില്‍ മറുപടി നല്‍കേണ്ടതില്ലെന്നും പ്രതികരിക്കരുതെന്നും നേതാക്കള്‍ക്ക് കെപിസിസി അധ്യക്ഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തരൂരിന് മറുപടി നല്‍കിയാല്‍ അനാവശ്യ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുമെന്ന വിലയിരുത്തലിലായിരുന്നു നിര്‍ദേശം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button