Kerala

ഒന്നാം ക്ലാസില്‍ 16,510 കുട്ടികള്‍ കുറഞ്ഞു, കാരണം ജനന നിരക്ക്‌

തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്ത് ഒന്നാംക്ലാസില്‍ ചേര്‍ന്നകുട്ടികളുടെ എണ്ണത്തില്‍ കുറവ്. 16,510 കുട്ടികളുടെ കുറവാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. എന്നാല്‍ രണ്ടു മുതല്‍ 10 വരെ ക്ലാസുകളില്‍ ആകെ 40,906 കുട്ടികളുടെ വര്‍ധനയും ഇത്തവണ പൊതു വിദ്യാലയങ്ങളില്‍ ഉണ്ടായിട്ടുണ്ടെന്നും ആറാം പ്രവൃത്തിദിനത്തിലെ കണക്കുകള്‍ വിശദീകരിച്ച് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് കണക്കുകള്‍ പങ്കുവച്ചത്.

ഇക്കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ 2,50,986 കുട്ടികളായിരുന്നു ഒന്നാംക്ലാസില്‍ ചേര്‍ന്നത്. ഇത്തവണ ഇത് 2,34,476 പേരായി കുറഞ്ഞു. സംസ്ഥാനത്തെ അണ്‍ എയ്ഡഡ് സ്‌കൂളില്‍ ഒന്നാംക്ലാസില്‍ ചേര്‍ന്ന കുട്ടികളില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഒരു കുട്ടിമാത്രമാണ് കൂടിയത്. സംസ്ഥാനത്ത് ഇത്തവണ അണ്‍എയ്ഡഡ് സ്‌കൂളില്‍ 47,863 കുട്ടികളാണ് പ്രവേശനം നേടിയത്. മുന്‍വര്‍ഷം ഇത് 47,862 കുട്ടികളായിരുന്നു. 29 ലക്ഷം കുട്ടികളാണ് രണ്ട് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ പൊതുവിദ്യാലയങ്ങളെ ആശ്രയിക്കുന്നത്.

സംസ്ഥാനത്തെ ജനന നിരക്കില്‍ വന്ന കുറവാണ് കണക്കുകളില്‍ പ്രതിഫലിക്കുന്നത് എന്നാണ് മന്ത്രി ഉയര്‍ത്തുന്ന വാദം. ഈ അധ്യയനവര്‍ഷം ഒന്നാംക്ലാസില്‍ പ്രവേശനം നേടിയത് 2020 ല്‍ ജനിച്ച കുട്ടികളാണ്. 12.77 ആണ് 2020ലെ ജനന നിരക്ക്. 2025ല്‍ പത്താം ക്ലാസ് പൂര്‍ത്തിയാക്കിയത് 2010ല്‍ ജനിച്ച കുട്ടികളാണ്. 15.75 എന്നതാണ് 2010ലെ ജനന നിരക്ക് എന്നും വ്യത്യാസം ചൂണ്ടിക്കാട്ടി മന്ത്രി അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button