ഇറാനിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു, കര അതിര്‍ത്തികള്‍ തുറന്നു; എത്രയുംവേഗം ടെഹ്‌റാന്‍ വിടാന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ നിര്‍ദേശം

ടെഹ്റാന്‍: ഇസ്രയേലുമായി സംഘര്‍ഷം തുടരവേ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കണമെന്ന ഇന്ത്യയുടെ അഭ്യര്‍ഥനയില്‍ നടപടി സ്വീകരിച്ച് ഇറാന്‍. ഇറാനു മുകളിലുള്ള വ്യോമാതിര്‍ത്തി അടച്ചിട്ടിട്ടുണ്ടെങ്കിലും ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനായി എല്ലാ കര അതിര്‍ത്തികളും തുറന്നിട്ടുണ്ടെന്ന് ഇറാന്‍ അറിയിച്ചു.
ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം കടുത്തതോടെ, ആയിരക്കണക്കിന് ഇന്ത്യക്കാരാണ് ഇറാനിലെ വിവിധ നഗരങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. ഇതില്‍ 1,500ലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു. ഇതിന് പിന്നാലെയാണ് നയതന്ത്രജ്ഞരെയും സിവിലിയന്മാരെയും സുരക്ഷിതമായി നാട്ടില്‍ എത്തിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് ഇന്ത്യ ഇറാനോട് ആവശ്യപ്പെട്ടത്.
അതിര്‍ത്തി കടക്കുന്ന ആളുകളുടെ പേരുകള്‍, പാസ്പോര്‍ട്ട് നമ്പറുകള്‍, വാഹന സവിശേഷതകള്‍ എന്നിവ ജനറല്‍ പ്രോട്ടോക്കോള്‍ വകുപ്പിന് നല്‍കാന്‍ ഇറാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നയതന്ത്രജ്ഞരുടെയും മറ്റ് പൗരന്മാരുടെയും സുരക്ഷിതമായ യാത്രയ്ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുന്നതിനായി യാത്രാ സമയവും വ്യക്തി രാജ്യം വിടാന്‍ ആഗ്രഹിക്കുന്ന അതിര്‍ത്തിയും നല്‍കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ഇന്ത്യക്കാര്‍ ഉടന്‍ ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന്‍ വിടണമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. ഏത് തരം വിസയെന്നത് പരിഗണിക്കാതെ നിര്‍ദേശം പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ടെഹ്‌റാന്‍ ആക്രമിക്കുമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടല്‍.
ഇറാനിയന്‍ നഗരങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ പരിഭ്രാന്തരാകരുതെന്നും ജാഗ്രത പാലിക്കണമെന്നും ടെഹ്റാനിലെ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു. എല്ലാ ഇന്ത്യന്‍ പൗരന്മാരോടും ഇന്ത്യന്‍ വംശജരോടും ജാഗ്രത പാലിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. എംബസി അവരുടെ എക്‌സ് അക്കൗണ്ടില്‍ ഒരു ഗൂഗിള്‍ ഫോം നല്‍കുകയും ഇന്ത്യന്‍ പൗരന്മാരോട് അവരുടെ വിവരങ്ങള്‍ നല്‍കുന്നതിനായി അത് പൂരിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.