Blog

ആക്രമണം കടുപ്പിച്ച് ഇറാനും ഇസ്രയേലും; ഇറാനില്‍ 224 മരണം, ഇന്റലിജന്‍സ് മേധാവി കൊല്ലപ്പെട്ടു

ടെഹ്‌റാന്‍: ഇറാന്‍- ഇസ്രയേല്‍ യുദ്ധംരൂക്ഷമാകുന്നു. ഇറാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ 224 പേര്‍ കൊല്ലപ്പെട്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇറാന്‍ റവലൂഷനറി ഗാര്‍ഡ് കോര്‍ ഇന്റലിജന്‍സ് മേധാവി മുഹമ്മദ് കസേമിയും രണ്ട് ഉപമേധാവികളും കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. 50 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് ഇറാനിലെ 80 കേന്ദ്രങ്ങളില്‍ ഞായറാഴ്ച ആക്രമണം നടത്തിയതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐ ഡി എഫ്) പറഞ്ഞു.

ഇസ്രയേലിലെ പ്രധാന നഗരങ്ങളായ ടെല്‍ അവിവ്, ജറുസലേം, ഹൈഫ എന്നിവ ലക്ഷ്യമാക്കി ഇറാന്‍ ആക്രമണം അഴിച്ചുവിട്ടു. തുറമുഖ നഗരമായ ഹൈഫയില്‍ ഇറാന്റെ മിസൈല്‍ പതിച്ചു. ഇതേത്തുടര്‍ന്ന് ഹൈഫയില്‍ വന്‍ തീപിടിത്തമുണ്ടായതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നാല് പേര്‍ക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. വടക്കന്‍ ഇസ്രയേലിലെ തംറയില്‍ മിസൈലാക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. 24 പേര്‍ക്ക് പരിക്കേറ്റു. മധ്യ ഇസ്രായേലിലെ റെഹോവോതില്‍ ഇറാന്‍ ആക്രമണത്തില്‍ 42 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഇസ്രയേലിൽ നിന്ന് 2300 കിലോമീറ്റർ അകലെ ഇറാന്‍റെ ഇന്ധന ടാങ്കർ വിമാനം ഇസ്രയേൽ വ്യോമസേന ആക്രമിച്ച് തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു. ഇനി മിസൈലുകൾ വിക്ഷേപിച്ചാൽ ടെഹ്റാൻ കത്തുമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകിയതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. ആക്രമണം തുടർന്നാൽ ഇറാൻ കനത്ത വില നൽകേണ്ടിവരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി. ഇറാൻ ആക്രമണം ശക്തമാക്കിയതിനെതുടർന്ന് മധ്യ, വടക്കൻ ഇസ്രയേലിലെ ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ഇസ്രായേൽ നിർദേശം നൽകി. ഇസ്രായേലിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ബ്രിട്ടൻ തങ്ങളുടെ പൗരന്മാരോട് നിർദേശിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button