National

അഹമ്മദാബാദ് വിമാന ദുരന്തം: 42 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരില്‍ 42 പേരെ (Ahmedabad Plane Crash) തിരിച്ചറിഞ്ഞു. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങളാണ് ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്. തിരിച്ചറിഞ്ഞ 14 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. അപകടം നടന്ന് മൂന്ന് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ഡിഎന്‍എ പരിശോധനകള്‍ വേഗത്തിലായത്.

ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹര്‍ഷ് രമേശ്ഭായ് സംഘ്‌വിയാണ് ഡിഎന്‍എ പരിശോധന സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ശനിയാഴ്ച രാത്രി മുതല്‍ ഞായറാഴ് പകല്‍ ഒരു മണിയ്ക്കിടെ 22 ഡിഎന്‍എ സാംപിളുകളുടെ പരിശോധന പൂര്‍ത്തിയാക്കി. ഇതോടെ ആകെ തിരിരിച്ചറിഞ്ഞ മൃതദേഹങ്ങളുടെ എണ്ണം 42 ആയി. ഇതില്‍ ഒന്ന് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടേത് ആയിരുന്നു എന്നും ഗുജറാത്ത് ആഭ്യന്തര മന്ത്രി അറിയിച്ചു.

ഗുജറാത്ത്, രാജസ്ഥാന്‍ സ്വദേശികളുടേതാണ് ഇതുവരെ തിരിച്ചറിഞ്ഞ മൃതദേഹങ്ങള്‍. അഹമ്മദാബാദില്‍ നിന്നുള്ള 4 പേര്‍, വഡോദര സ്വദേശികളായ രണ്ട് പേര്‍, മെഹ്‌സാനയില്‍ നിന്നുള്ള നാല് പേര്‍, ഖേഡ, ആരവല്ലി, ബോട്ടാഡ്, ഉദയ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരുടെയും മൃതദേഹങ്ങളാണ് ബന്ധുക്കള്‍ക്ക് കൈമാറിയത്. മൃതദേഹങ്ങുടെ തിരിച്ചറിയല്‍ നടപടി ക്രമങ്ങള്‍ക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ 271 പേര്‍ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍. വിമാനത്തിലുണ്ടായിരുന്ന 241 പേരും വിമാനം ഇടിച്ചിറങ്ങിയ പ്രദേശത്ത് 29 പേരും മരിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ജൂണ്‍ പന്ത്രണ്ടിനായിരുന്നു അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന എയര്‍ ഇന്ത്യ 171 വിമാനം സമീപ പ്രദേശത്ത് തകര്‍ന്നുവീണത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button