ഷീല സണ്ണിയെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയ സംഭവം; മുഖ്യ ആസൂത്രക ലിവിയയെ ഇന്ന് കേരളത്തിലെത്തിച്ചേക്കും

0

ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയ സംഭവത്തില്‍ പിടിയിലായ മുഖ്യ ആസൂത്രക ലിവിയയെ ഇന്ന് കേരളത്തിലെത്തിക്കാന്‍ ശ്രമം തുടങ്ങി പോലീസ്. ദുബായില്‍ നിന്ന് മുംബൈയില്‍ വിമാനമിറങ്ങിയപ്പോഴാണ് പൊലീസ് പ്രതിയെ പിടികൂടിയത്. പ്രതി എത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് മുംബൈയിലേക്ക് എത്തിയത്.

ഇന്നലെയാണ് ലിവിയ പിടിയിലായത്. സ്‌കൂട്ടറിലും ബാഗിലുമായി എല്‍എസ്ടി സ്റ്റാമ്പുകള്‍ സൂക്ഷിക്കുകയും പിന്നാലെ എക്‌സൈസിലും പൊലീസിനും വിവരം നല്‍കി ഷീലാ സണ്ണിയെ കുടുക്കുകയുമായിരുന്നു ഉദ്ദേശ്യം. സുഹൃത്ത് നാരായണ ദാസിനെ കൂട്ടുപിടിച്ച് ആസൂത്രണം വിജയകരമായി നടപ്പിലാക്കി. 72 ദിവസമാണ് ഷീലാ സണ്ണിക്ക് ജയിലില്‍ കഴിയേണ്ടി വന്നത്. പിന്നാലെ നടത്തിയ രാസപരിശോധനയിലാണ് ലഹരി വ്യാജമാണെന്ന് കണ്ടെത്തിയതും ഷീലാ സണ്ണിയെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കിയതും.

വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് പിന്നില്‍. മരുമകളുടെ സ്വര്‍ണം പണയം വെച്ചതുമായി ബന്ധപ്പെട്ട് ഷീലയുടെ കുടുംബവും മരുമകളുടെ കുടുംബവും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നുവെന്നാണ് വിവരം. തനിക്ക് കൂടെ അവകാശപ്പെട്ട സ്വത്ത് ഷീല തട്ടിയെടുത്തു എന്ന ചിന്തയാണ് വൈരാഗ്യത്തിന് കാരണമെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here