NationalNews

അഹമ്മദാബാദ് ആകാശ ദുരന്തം; മരണം 294, ആറ് പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി, കൂടുതൽ പ്രദേശവാസികളെ കാണാനില്ല

രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിൽ മരണം മുന്നൂറിനോട് അടുക്കുന്നു. 294 പേർ മരിച്ചെന്നാണ് ഇതുവരെ സ്ഥിരീകരിച്ചത്. 265 മൃതദേഹങ്ങളാണ് പ്രദേശത്ത് നിന്ന് കണ്ടെത്തിയത്. ആറ് പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. കൂടുതൽ പ്രദേശവാസികളെ കാണാനില്ലെന്നാണ് അവരുടെ ബന്ധുക്കൾ അറിയിക്കുന്നത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് പൊലീസും വ്യക്തമാക്കി. അപ്രതീക്ഷിതമായുണ്ടായ അപകടത്തിന്‍റെ ഞെട്ടലിലാണ് ഇപ്പോഴും പ്രദേശവാസികള്‍. അതിനിടെ, ദുരന്തത്തിന്റെ ആഘാതം പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി വിലയിരുത്തി. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിൽ ഉള്ളവരെയും പ്രധാനമന്ത്രി സന്ദർശിച്ചു. വിമാനത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട വിശ്വാസ് കുമാറിനോട് ഏറെ നേരം മോദി സംസാരിച്ചു. ഉന്നതതല യോഗത്തിലും പ്രധാനമന്ത്രി പങ്കെടുത്തു.

സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 787 8 ഡ്രീംലൈനർ വിമാനമാണ് ടേക്ക് ഓഫിനിനിടെ തകർന്നത്. ഇന്നലെ ഉച്ചക്ക് 1:38 നാണ് അപകടമുണ്ടായത്. അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ 23-ാം നമ്പര്‍ റണ്‍വേയില്‍ നിന്ന് എഐ 171 ബോയിംഗ് 787 ഡ്രീലൈംനര്‍ വിമാനം ലണ്ടനിലേക്ക് പറന്നുയര്‍ന്നു. 625 അടി ഉയരത്തിലെത്തിയ വിമാനത്തില്‍ നിന്ന് എയര്‍ ട്രാഫിക് കണ്‍ട്രേളിലേക്ക് അപായ സന്ദേശം ലഭിച്ചു. വിമാനവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സിഗ്നല്‍ ലഭിച്ചില്ല. പിന്നാലെ തകര്‍ന്നു വീഴുകയായിരുന്നു. വിമാനത്താവളത്തിന് സമീപമുള്ള ബിജെ മെഡിക്കല്‍ കോളേജിന്‍റെ ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം തകര്‍ന്നു വീണത്. ക്യാബിന്‍ ക്രൂ അംഗങ്ങളടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാളെ മാത്രമാണ് ജീവനോടെ കണ്ടെത്തിയത്.

പ്രദേശവാസികളും വിമാനം വീണ് തകർന്ന മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിലുണ്ടായിരുന്ന മെഡിക്കൽ വിദ്യാർത്ഥികളുമാണ് മരിച്ച മറ്റുള്ളവര്‍. അപകടത്തില്‍ പരിക്കേറ്റ 12 പേരുടെ നില ഗുരുതരമായി തുടരുകയാണ്. കനത്ത ആഘാതമാണ് വിമാനം ഇടിച്ചിറങ്ങിയ ബി ജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിനുണ്ടായത്. ഇവിടെ ജീവൻ നഷ്ടമായവരിൽ എംബിബിഎസ് വിദ്യാർത്ഥികളും ഒരു പിജി റെസിഡന്റ് ഡോക്ടറും ഉള്‍പ്പെടുന്നു. 60 വിദ്യാർത്ഥികള്‍ പരിക്കേറ്റ് ചികിത്സയിലാണ്. അതിനിടെ, വിമാനത്തിന്റെ ഡിജിറ്റൽ വീഡിയോ റെക്കോ‍ഡർ കണ്ടെത്തി. അപകടം നടന്നയിടത്തുനിന്നാണ് ​ഗുജറാത്ത് എടിഎസ് ഡിവിആർ കണ്ടെത്തിയത്. അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് ഇത് കണ്ടെത്തിയതെന്നും, ഫോറൻസിക് ലാബിന് കൈമാറുമെന്നും ഉദ്യോ​ഗസ്ഥർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button