
ഇസ്രയേല്‍ ഇറാനുനേരെ നടത്തിയ ആക്രമണത്തില്‍ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകത്ത് സാധാരണഗതിയില്‍ നിലനില്‍ക്കുന്ന മര്യാദകള്‍ പാലിക്കേണ്ട എന്ന നിലപാടില്‍ മുന്നോട്ടുപോകുന്ന തെമ്മാടി രാഷ്ട്രമാണ് ഇസ്രയേലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകൾ
‘ഇസ്രയേല്‍ പണ്ടേ ലോക തെമ്മാടിയായിട്ടുള്ള ഒരു രാഷ്ട്രമാണ്. ലോകത്ത് സാധാരണഗതിയില്‍ നിലനില്‍ക്കുന്ന ഒരു മര്യാദയും പാലിക്കേണ്ടതില്ല എന്നതാണ് അവരുടെ നിലപാട്. അത്തരത്തില്‍ മുന്നോട്ടുപോകുന്ന ഒരു നാടാണ് അത്. അമേരിക്കയുടെ പിന്തുണ ഉള്ളതുകൊണ്ട് എന്തുമാവാം എന്ന ധിക്കാരപരമായ സമീപനമാണ് എല്ലാക്കാലത്തും ഇസ്രയേല്‍ സ്വീകരിച്ചിട്ടുള്ളത്.
അത്യന്തം സ്‌ഫോടനാത്മകമായ വിവരങ്ങളാണ് ഇന്ന് രാവിലെ മുതല്‍ കേട്ടുകൊണ്ടിരിക്കുന്നത്. ഇറാനുനേരെ ഇസ്രയേല്‍ നടത്തിയ ഈ ആക്രമണത്തെ ഒരുതരത്തിലും ന്യായീകരിക്കാനാവില്ല. ലോക സമാധാനത്തിന് അങ്ങേയറ്റം മോശകരമായ അന്തരീക്ഷമാണ് ഈ പ്രവൃത്തി ഉണ്ടാക്കുക. സമാധാനകാംക്ഷികളായ എല്ലാവരും ഈ ആക്രമണത്തെ എതിര്‍ക്കുകയും അപലപിക്കുകയും ചെയ്യും,’ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു