Kerala

സ്‌കൂള്‍ സമയമാറ്റം: സമസ്തയുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുമോ?

വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകളില്‍ സമയം മാറ്റം പ്രഖ്യാപിച്ചതിന് പിന്നാലെ ഇതില്‍ എതിര്‍പ്പ് അറിയിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സ്‌കൂള്‍ സമയത്തില്‍ അരമണിക്കൂര്‍ വര്‍ധിപ്പിക്കുന്നത് സംസ്ഥാനത്തെ ഏകദേശം 12 ലക്ഷം വിദ്യാര്‍ത്ഥികളുടെ മദ്രസാ മതപഠനത്തെ നേരിട്ട് ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് മനസ്സിലാക്കി സമയമാറ്റത്തില്‍ മാറ്റം വരുത്തുമെന്ന പ്രതീക്ഷയിലാണ് സമസത് നിലകൊള്ളുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്‌കൂള്‍ സമയമാറ്റം കൊണ്ടുവരാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് എസ്‌കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. അടുത്ത ആഴ്ച മുതല്‍ സ്‌കൂളുകളുടെ പ്രവൃത്തി സമയത്തില്‍ അരമണിക്കൂര്‍ വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഈ മാറ്റം മദ്രസയുടെ സമയക്രമത്തെ ഗുരുതരമായി ബാധിക്കുമെന്നും, തീരുമാനം അപക്വവും അപ്രായോഗികവുമാണെന്നും സത്താര്‍ പറഞ്ഞു. ഇത് വിദ്യാര്‍ഥികളും രക്ഷിതാക്കളും നേരിടുന്ന പ്രായോഗിക പ്രശ്‌നങ്ങളെ അവഗണിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 15 മിനിറ്റും വൈകിട്ട് 15 മിനിറ്റും വര്‍ധിപ്പിച്ചുകൊണ്ടാണ് സ്‌കൂള്‍ സമയത്തില്‍ മാറ്റം വരുത്തുന്നത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ രാവിലെ 9.45ന് ക്ലാസ് തുടങ്ങി 4.15ന് അവസാനിക്കുന്ന രീതയിലാണ് പുതിയ സമയക്രമം. 220 പ്രവൃത്തി ദിനങ്ങള്‍ വേണമെന്ന ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ മാറ്റം.

എന്നാല്‍ സമസ്ത ഇത്തരത്തില്‍ ഒരു എതിര്‍പ്പ് അറിയിച്ചതോടെ ഇതില്‍ പ്രതികരിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിം രംഗത്തെത്തിയിട്ടുണ്ട്. ആരുടെയും മതവിശ്വാസത്തെയും ദൈവവിശ്വാസത്തെയും വ്രണപ്പെടുത്തണമെന്ന് സര്‍ക്കാരിനില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. വിമര്‍ശനങ്ങള്‍ പരിശോധിക്കുമെന്നും കോടതിയുടെ നിര്‍ദേശ പ്രകാരം മുഖ്യമന്ത്രിയുമായി ആലോചിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

എല്ലാ കുട്ടികള്‍ക്കും നല്ല വിദ്യാഭ്യാസം ഉറപ്പാക്കലാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കുട്ടികളുടെ വിദ്യാഭ്യാസമാണ് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതിന് വിദ്യാഭ്യാസ വകുപ്പ് ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല. പഠനത്തിന് കൂടുതല്‍ സമയം വേണ്ട കാലഘട്ടമാണിത്. ക്ലാസുകളിലെ സമയത്തില്‍ 15 മിനിറ്റും വൈകീട്ട് 15 മിനിറ്റുമാണ് കൂട്ടിയത്. ഒരു ദിവസം അര മണിക്കൂര്‍ കൂട്ടിയത് വലിയ കാര്യമാണോയെന്ന് മന്ത്രി ചോദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button