
സമസ്ത ഒരു തുറന്ന പുസ്തകമാണെന്ന് പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങള്‍. ഒരു പെറ്റി കേസ് പോലും സമസ്തയുടെ പേരിലില്ല. തീവ്രവാദം, ഭീകരവാദം എന്ന് ആക്ഷേപിക്കുന്ന സംഘടനകള്‍ ഉണ്ടെന്നും വര്‍ഗീയ കലാപമോ അനൈക്യമുണ്ടാക്കാനായുള്ള പ്രവര്‍ത്തനമോ സമസ്തയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മതം ഉള്ളവരും ഇല്ലാത്തവരുമുള്ള രാജ്യത്താണ് നാം ജീവിക്കുന്നതെന്നും ജിഫ്രി മുത്തുകോയ തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. സ്‌കൂള്‍ സമയമാറ്റത്തെയും സമസ്ത പ്രസിഡന്റ് വിമര്‍ശിച്ചു. മത പഠനം നടത്തുന്ന കുട്ടികളെ ഇത് ബാധിക്കുമെന്നും ബുദ്ധിമുട്ട് മനസ്സിലാക്കിയുള്ള മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും പിഡിപിയുടെയും പിന്തുണയുമായി ബന്ധപ്പെട്ട് എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള തര്‍ക്കത്തിനിടയിലാണ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രതികരണം. വെല്‍ഫെയര്‍ പാര്‍ട്ടി നിലമ്പൂരില്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മതരാഷ്ട്രവാദം അടക്കം ഉയര്‍ത്തിപ്പിടിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ കക്ഷിയായ വെല്‍ഫെയര്‍ പാര്‍ട്ടി മതേതരവാദം ഉയര്‍ത്തിപ്പിടിക്കുന്ന യുഡിഎഫിനെ പിന്തുണയ്ക്കുന്നത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.