Sports

ഐപിഎല്ലിലെ മോശം പ്രകടനം; വന്‍ അഴിച്ചുപണിയുമായി ലഖ്നൗ സൂപ്പര്‍ ജയന്റ്സ്

ലഖ്നൗ: ഐപിഎല്ലിലെ മോശം പ്രകടനത്തിന് പിന്നാലെ വന്‍ അഴിച്ചുപണിയുമായി ലഖ്നൗ സൂപ്പര്‍ ജയന്റ്സ്(LSG). 27 കോടി രൂപ മുടക്കി ഋഷഭ് പന്തിനെ ടീമിലെത്തിച്ചെങ്കിലും ലഖ്‌നൗവിന് സ്ഥിരത കണ്ടെത്താന്‍ കഴിഞ്ഞില്ല, പ്ലേ ഓഫ് കാണാതെ പുറത്തായ ടീം ഏഴാം സ്ഥാനത്താണ് സീസണ്‍ അവസാനിപ്പിച്ചത്.

14 മത്സരങ്ങളില്‍ നിന്ന് എല്‍എസ്ജിക്ക് ആറ് വിജയങ്ങള്‍ മാത്രമേ നേടാനായുള്ളൂ. വന്‍തുക മുടക്കിയ താരങ്ങളുടെ ഭാഗത്തു നിന്ന് മോശം പ്രകടനമാണുണ്ടായത്. ക്രിക്ക്ബസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ലഖ്നൗ ടീം ഉടമ സഞ്ജീവ് ഗോയങ്കയ്ക്ക് എല്‍എസ്ജി ടീമില്‍ സംതൃപ്തനല്ലെന്നാണ്.

ഇപ്പോഴിതാ മെന്റര്‍ സഹീര്‍ ഖാന്‍ ടീമില്‍ നിന്ന് പുറത്തായേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ക്രിക്ക്ബസ്സിന്റെ റിപ്പോര്‍ട്ട് പ്രകാരം സീസണിലെ ടീമിന്റെ പ്രകടനത്തില്‍ ഉടമ സഞ്ജീവ് ഗോയങ്കയ്ക്ക് കടുത്ത അതൃപ്തിയുണ്ട്. മെന്ററായിരുന്ന സഹീര്‍ ഖാന്റെ ടീമിലെ സ്ഥാനം ഭീഷണിയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു വര്‍ഷം മാത്രമാണ് സഹീര്‍ ഖാന്റെ കരാര്‍. അതിനാല്‍ അടുത്ത സീസണില്‍ ടീമിന്റെ ഭാഗമാകണമെങ്കില്‍ കരാര്‍ പുതുക്കേണ്ടതുണ്ട്. എന്നാല്‍ ടീം കരാര്‍ പുതുക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

നായകന്‍ ഋഷഭ് പന്തിന്റെ പ്രകടനത്തിലും ഗോയങ്ക തൃപ്തനല്ല. ലേലത്തില്‍ 27 കോടി മുടക്കിയാണ് ഋഷഭ് പന്തിനെ ടീമിലെടുത്തതെങ്കിലും നിര്‍ണായക മത്സരങ്ങളില്‍ താരത്തിന് ശോഭിക്കാനായിരുന്നില്ല. അവസാനമത്സരത്തില്‍ സെഞ്ച്വറി നേടിയത് മാത്രമാണ് ശ്രദ്ധേയ പ്രകടനം. പരിശീലകന്‍ ജസ്റ്റിന്‍ ലാംഗറും ടീമില്‍ തുടരുമോയെന്ന കാര്യത്തിലും അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button