KeralaNews

അടിമാലിയില്‍ ക്യാന്‍സര്‍ രോഗിയായ സ്ത്രീയെ കട്ടിലില്‍ കെട്ടിയിട്ട് വായില്‍ തുണി തിരികി പണം അപഹരിച്ചു

ഇടുക്കി അടിമാലിയില്‍ ക്യാന്‍സര്‍ രോഗിയായ സ്ത്രീയെ കട്ടിലില്‍ കെട്ടിയിട്ട് വായില്‍ തുണി തിരികി പണം അപഹരിച്ചു. അടിമാലി വിവേകാനന്ദ നഗര്‍ സ്വദേശി കളരിക്കല്‍ ഉഷാ സന്തോഷിനെയാണ് കെട്ടിയിട്ട് ചികിത്സയ്ക്ക് കരുതിയിരുന്ന പണം അപഹരിച്ചത്.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. ക്യാന്‍സര്‍ ബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്നു ഉഷ. കഴിഞ്ഞ ദിവസം കീമോ തെറാപ്പി കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുകയായിരുന്നു. വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്താണ് മോഷണം. കട്ടിലില്‍ കെട്ടിയിട്ട ശേഷം ഇവരുടെ വായില്‍ തുണി തിരുകിയാണ് പേഴ്‌സിലുണ്ടായിരുന്ന 16500 രൂപ കവര്‍ന്നത്. അയല്‍വാസികള്‍ ഇവരെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് കട്ടിലില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ അടിമാലി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

വര്‍ഷങ്ങളായി ചികിത്സതുടരുന്ന ഉഷ, സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്നയാളാണ്. അടിമാലിയിലെ സുമനസുകള്‍ ചേര്‍ന്നാണ് ഇവരുടെ ചികിത്സയ്ക്കാവശ്യമായ പണം പിരിച്ചുനല്‍കിയത്. ഈ തുകയുള്‍പ്പെടെയാണ് മോഷ്ടാവ് കവര്‍ന്നത്. നേരത്തെയും മോഷ്ടാക്കളുടെ ശല്യമുളള മേഖലയാണ് വിവേകാനന്ദ നഗര്‍. സമീപത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്താനുളള ശ്രമം പുരോഗമിക്കുന്നതായി അടിമാലി പൊലീസ് അറിയിച്ചു. ഉഷയുടെ ഭര്‍ത്താവും മകളും വീട്ടില്‍ നിന്ന് പോയതിന് ശേഷമായിരുന്നു മോഷണം. വീട്ടുകാരുടെ നീക്കങ്ങള്‍ അടുത്തറിയാവുന്ന ആള്‍ ആവും മോഷണത്തിന് പുറകിലെന്നാണ് പൊലീസ് സംശയിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button