അതിരപ്പിള്ളി മേഖലയില്‍ കാട്ടാന ശല്യം ഒഴിവാക്കാനായി സ്ഥാപിച്ച സൗരോര്‍ജ്ജ തൂക്കുവേലി കാട്ടാനകൂട്ടം തകര്‍ത്തു. ഇതോടെ കോടികള്‍ മുടക്കി സ്ഥാപിച്ച തൂക്കുവേലി ഉപകാരമില്ലാതെയായി. വെറ്റിലപ്പാറ, പിള്ളപ്പാറ, പായമ്മക്കടവ് എന്നിവിടങ്ങളില്‍ ഈയടുത്ത് സ്ഥാപിച്ച സൗരോര്‍ജ്ജ തൂക്കുവേലിയാണ് കാട്ടാനകൂട്ടം തകര്‍ത്തത്. വെറ്റിലപ്പാറ, പിള്ളപ്പാറ എന്നിവിടങ്ങളില്‍ ഓരോ സ്ഥലത്തും പായമ്മക്കടവില്‍ മൂന്നിടത്തുമാണ് തൂക്കുവേലി കാട്ടാനകൂട്ടം തകര്‍ത്തിരിക്കുന്നത്.
തൂക്കുവേലി നിര്‍മ്മാണത്തിലെ അപാകതയാണ് ആനകൂട്ടത്തിന് തൂക്കുവേലികള്‍ തകര്‍ക്കാന്‍ എളുപ്പമായതെന്നാണ് ആരോപണം. വേലിയോട് ചേര്‍ന്ന് നില്‍ക്കുന്ന മരച്ചില്ലകള്‍ വേലികളില്‍ തട്ടുന്നത് മൂലം വൈദ്യുതിയുടെ പ്രഹരം കുറയും. ഈ ഭാഗങ്ങളിലാണ് വേലികള്‍ കൂടുതലായും തകര്‍ന്നിരിക്കുന്നത്.
നബാര്‍ഡിന്റെ സഹകരണത്തോടെ ചാലക്കുടി വനം ഡിവിഷനില്‍ 2.24 കോടി രൂച ചെലവിട്ടാണ് വൈദ്യുതി വേലി സ്ഥാപിച്ചത്. ചാലക്കുടി പുഴയോരത്ത് അതിരപ്പിള്ളി, പരിയാരം പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന വിരിപ്പാറ മുതല്‍ കണ്ണംകുഴിതോട് വരെയുള്ള 18 കിലോമീറ്റര്‍ ഭാഗത്താണ് വൈദ്യുത തൂക്കുവേലി സ്ഥാപിക്കുന്നത്. ഇതിന് പുറമെ ചാലക്കുടി – വാഴച്ചാല്‍ ഡിവിഷനുകളിലായി 80 കിലോമീറ്ററോളം ദൂരത്തിലും വൈദ്യുത തൂക്കുവേലി സ്ഥാപിക്കുന്നുണ്ട്.
ഇത്രയുമധികം ദൂരത്തില്‍ സൗരോര്‍ജ്ജ തൂക്കുവേലി സ്ഥാപിക്കുന്നത് സംസ്ഥാനത്ത് ആദ്യമായാണ്. വന്യജീവികളുടെ ശല്യം ഒഴിവാക്കാനായി ട്രഞ്ച്, വൈദ്യുതവേലി എന്നിവ സ്ഥാപിച്ചിട്ടും ഫലമില്ലാതായതോടെയാണ് സൗരോര്‍ജ്ജ തൂക്കുവേലി പരീക്ഷണടിസ്ഥാനത്തില്‍ സ്ഥാപിച്ചത്. എന്നാല്‍ അശാസ്ത്രീയമായ നിര്‍മ്മാണവും കെടുകാര്യസ്ഥതയും കോടികള്‍ ചെലവിട്ട ഈ പദ്ധതിയും അവതാളത്തിലാക്കി.