ചാരവൃത്തി; പഞ്ചാബി യൂട്യൂബര്‍ അറസ്റ്റില്‍

0

പാകിസ്ഥാനുമായി ബന്ധപ്പെട്ട ചാരവൃത്തിയുമായി ബന്ധപ്പെട്ട് വീണ്ടും അറസ്റ്റ്. പഞ്ചാബ് റൂപ്‌നഗര്‍ സ്വദേശിയായ ജസ്ബീര്‍ സിങ്ങിനെയാണ്പൊലീസ് പിടികൂടിയത്. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് ജസ്ബീര്‍ സിങിനെ പിടികൂടിയതെന്ന് പഞ്ചാബ് പൊലീസ് അറിയിച്ചു. ഇയാളുമായി ബന്ധപ്പെട്ട് ഒരു ചാരശൃംഖല തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ജന്‍മഹല്‍ എന്ന പേരില്‍ യൂട്യൂബ് ചാനല്‍ നടത്തുന്ന ജസ്ബീര്‍ സിങിന് പതിനൊന്ന് ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്.

അടുത്തിടെ അറസ്റ്റിലായ വനിതാ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയുമായി ജസ്ബീര്‍ സിങിന് ബന്ധമുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഭീകരവാദ പിന്തുണയുള്ള ചാരവൃത്തി സംഘത്തിന്റെ ഭാഗമാണെന്ന് സംശയിക്കപ്പെടുന്ന ഇന്ത്യന്‍ വംശജനായ ഷാക്കിര്‍ അഥവാ ജട്ട് രണ്‍ധാവയുമായും ജസ്ബീറിന് അടുപ്പമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ജ്യോതി മല്‍ഹോത്രയ്ക്ക് പുറമെ ഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷനില്‍ നിന്ന് പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥനുമായ എഹ്സാന്‍-ഉര്‍-റഹീം എന്നറിയപ്പെടുന്ന ഡാനിഷ് എന്നിവരുമായും ബന്ധം പുലര്‍ത്തിയിരുന്നെന്നും വിവരങ്ങളുണ്ട്.

പാക് ഹൈക്കമീഷന്‍ ഉദ്യോഗസ്ഥനായിരുന്ന ഡാനിഷിന്റെ ക്ഷണപ്രകാരം ഡല്‍ഹിയില്‍ നടന്ന പാകിസ്ഥാന്‍ ദേശീയ ദിന പരിപാടിയില്‍ ജസ്ബീര്‍ സിങ് പങ്കെടുത്തിരുന്നു. ഈ പരിപാടിയില്‍ വച്ച് പാകിസ്ഥാന്‍ ആര്‍മി ഉദ്യോഗസ്ഥര്‍ വ്‌ളോഗര്‍മാര്‍ എന്നിവരുമായി ജസ്ബീര്‍ സിങ് കൂടിക്കാഴ്ച നടത്തി. 2020, 2021, 2024 വര്‍ഷങ്ങളില്‍ ഇയാള്‍ പലതവണ പാകിസ്ഥാന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും അധികൃതരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here