ഞാൻ ഈ മണ്ണിൽ ജീവിക്കുന്നവൻ; എവിടെയും പോകാനില്ല: ആര്യാടൻ ഷൗക്കത്ത്

മലപ്പുറം: നിലമ്പൂരില്‍ ഇന്ന് കാണുന്ന എല്ലാ വികസനവും കൊണ്ടുവന്നത് യുഡിഎഫാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്. നിലമ്പൂരില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് വേണമെന്നും ഇവിടെ ഒരു ബൈപാസ് വേണമെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരിനെ തിരിച്ചു പിടിക്കാമെന്നും താനുണ്ടാകുമെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. നിലമ്പൂരില്‍ നടന്ന യുഡിഎഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങളുടെ കൂടെ ഞാന്‍ ഉണ്ടാകും. ഞാന്‍ ഈ മണ്ണില്‍ ജനിച്ചവനാണ്. ഇവിടെ ജീവിക്കുന്നവനാണ്. എന്റെ ഒടുക്കവും ഇതേ മണ്ണില്‍ തന്നെ ആയിരിക്കും. മരിക്കുന്നതിന് നാല് ദിവസം മുമ്പ് പിതാവ് എന്നോട് പറഞ്ഞു, ഞാന്‍ മരിക്കുമ്പോള്‍ എന്നെ കോണ്‍ഗ്രസ് പതാക പുതപ്പിക്കണമെന്ന്. എനിക്കും അത് തന്നെയാണ് പറയാനുള്ളത്’, ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.
ഇന്ന് നിലമ്പൂര്‍ ഒരു നാഥനില്ലാതെ കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് എവിടെയും പോകാനില്ല. തനിക്ക് പുറത്ത് എവിടെയും കച്ചവടത്തിന് പോകാനില്ലെന്നും മറ്റെവിടെയും താമസിക്കുന്നില്ലെന്നും ടിഎംസി സ്ഥാനാര്‍ത്ഥി പി വി അന്‍വറിനെയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിനെയും പേരെടുത്ത് പരാമര്‍ശിക്കാതെ ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.