സിനിമ വിടുകയാണെന്ന സൂചന നല്‍കി ബോളിവുഡ് താരം ആമിര്‍ ഖാന്‍. മഹാഭാരതമായിരിക്കും തന്റെ അവസാന ചിത്രമെന്ന് അദ്ദേഹം പറഞ്ഞു. അവസാന ശ്വാസം വരെ ജോലിചെയ്യണമെന്നാണ് ആഗ്രഹം. വേദവ്യാസ മഹര്‍ഷിയുടെ മഹാഭാരതകഥയെ ആസ്പദമാക്കിയുള്ള സിനിമ വലിയൊരു പ്രോജക്റ്റ് ആയിരിക്കും. അതിനുശേഷം മറ്റൊന്നും ചെയ്തില്ലെന്നുവരാമെന്നും ആമിര്‍ ഖാന്‍ പറഞ്ഞു. രാജ് ഷമാനിയുടെ പോഡ്കാസ്റ്റ് ഷോയില്‍ പങ്കെടുക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മഹാഭാരതമെന്നത് ഒരുപാട് അര്‍ത്ഥതലങ്ങളുള്ളതാണെന്ന് ആമിര്‍ ഖാന്‍ പറഞ്ഞു. ഇതില്‍ വികാരവും വ്യാപ്തിയുമുണ്ട്. ലോകത്ത് നിങ്ങള്‍ കാണുന്നതെല്ലാം മഹാഭാരതത്തില്‍ കണ്ടെത്താനാകും. ഈ സിനിമ ചെയ്തുകഴിഞ്ഞാല്‍ ഇനിയൊന്നും ചെയ്യാനില്ലെന്ന് തോന്നിയേക്കാം. ഇതിനുശേഷം തനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. കാരണം ഈ സിനിമയുടെ വിഷയം അത്തരത്തിലുള്ളതാണ്. സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ മരിക്കുമെന്നാണ് പ്രതീക്ഷയെന്നും ആമിര്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.
‘സിതാരേ സമീന്‍ പര്‍’ ആണ് ആമിര്‍ ഖാന്‍ നായകനായി റിലീസിനൊരുങ്ങിയിരിക്കുന്ന ചിത്രം. ജൂണ്‍ 20-നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രജനികാന്തിന്റെ ‘കൂലി’യിലും അദ്ദേഹമെത്തും. രാജ്കുമാര്‍ സന്തോഷി സംവിധാനം ചെയ്യുന്ന സണ്ണി ഡിയോളിന്റെ പീരിയഡ്-ഡ്രാമ ‘ലാഹോര്‍ 1947’ നിര്‍മ്മിക്കുന്നത് ആമിര്‍ ഖാനാണ്.